പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയാൽ അനിശ്ചിതകാലസമരം നടത്തുമെന്ന് വ്യാപാരികൾ

സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയാൽ അനിശ്ചിതകാലസമരം നടത്തുമെന്ന് വ്യാപാരികൾ. ബദൽ സംവിധാനം ഒരുക്കാതെ പ്ലാസ്റ്റിക് നിരോധിക്കരുതെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. അതിനിടെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിനെത്തിയ വ്യാപാരികൾ തമ്മിൽ സംഘർഷമുണ്ടായി.
പ്ലാസ്റ്റിക് ഇല്ലാതെ കേരളത്തിൽ വിൽപ്പന നടത്താൻ കഴിയില്ലെന്ന് വ്യാപാരികൾ കോഴിക്കോട് ചേർന്ന് സംസ്ഥാന സമിതി എക്‌സിക്യൂട്ടീവ് യോഗത്തിൽ അറിയിച്ചു. നിരോധനം വൻകിട കച്ചവടക്കാരെ സഹായിക്കാനാണെന്ന് വ്യാപാരികൾ പറഞ്ഞു. നിരോധനം നടപ്പിലാക്കി നടപടി ആരംഭിച്ചാൽ തൊട്ടടുത്ത ദിവസം മുതൽ സമരം ആരംഭിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി നസുറുദ്ദീൻ പറഞ്ഞു.
ബദൽ സംവിധാനം വരെ നിലവിലെ സ്ഥിതി തുടരാൻ അനുവദിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. അതിനിടെ എക്‌സിക്യൂട്ടീവ് യോഗത്തിന് മുൻപ് പാലക്കാട് നിന്നെത്തിയ വ്യാപാര വ്യവസായി നേതാക്കളും കോഴിക്കോട്ടെ പ്രവർത്തകരും തമ്മിൽ കയ്യാങ്കളി ഉണ്ടായി. സംഘടനാ വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ പുറത്താക്കിയ പാലക്കാട്ടെ പ്രവർത്തകരെ യോഗത്തിൽ പങ്കെടുപ്പിക്കില്ലെന്ന് ടി നസറുദ്ദീൻ വിഭാഗം നിലപാടെടുത്തതൊടെയാണ് മണിക്കൂറോളം ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here