ജോലി ഇല്ലാതെയും ശമ്പളം മുടങ്ങിയും പ്രതിസന്ധിയിലായി കൈത്തറി തൊഴിലാളികള്‍

കൈത്തറി മേഖലയ്ക്ക് ഉണര്‍വേകുന്നതിനായി പല പദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കിയെങ്കിലും പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ് കൈത്തറി തൊഴിലാളികള്‍. കഴിഞ്ഞ ഏഴ് മാസമായി ജോലി ചെയ്ത കൂലി ഇപ്പോഴും തൊഴിലാളികള്‍ക്ക് ലഭിച്ചിട്ടില്ല.
സര്‍ക്കാര്‍ നല്‍കി വന്നിരുന്ന നൂല്‍ പോലും കൃത്യസമയത്ത് കിട്ടാതായതോടെ ജോലി പോലുമില്ലാത്ത അവസ്ഥയിലാണ് കൈത്തറി തൊഴിലാളികള്‍. പ്രതിസന്ധിയിലായിരുന്ന കൈത്തറി വ്യവസായ മേഖലയെ കൈപിടിച്ചുയര്‍ത്തുന്നതിന് വേണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് സൗജന്യ കൈത്തറി യൂണിഫോം പദ്ധതി.
ജീവനക്കാരുടെ ശമ്പളം അവരവരുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് ഇടുമെന്ന വാഗ്ദാനവും സ്‌കൂള്‍ യൂണിഫോമിനുള്ള നൂല്‍ സര്‍ക്കാര്‍ നല്‍കുമെന്നുളള പ്രഖ്യാപനവും പ്രതിസന്ധിയിലായിരുന്ന മേഖലക്ക് ഉണര്‍വേകി.
പരമ്പരാഗത നെയ്ത്ത് വ്യവസായത്തിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്ന നെയ്ത്തുകാരും കൈത്തറി മേഖലയോട് വിടപറഞ്ഞ പരമ്പരാഗത നെയ്ത്തുകാരും സര്‍ക്കാര്‍ പ്രഖ്യാപനത്തോടെ സ്‌കൂള്‍ യൂണിഫോം പദ്ധതിയിലേക്ക് മാറി. ആദ്യ മാസങ്ങളില്‍ വാഗ്ദാനങ്ങളെല്ലാം സര്‍ക്കാര്‍ നിറവേറ്റിയെങ്കിലും നിവലില്‍ അതല്ല സ്ഥിതി.
വേതനം മുടങ്ങുകയും ജോലി ഇല്ലാതാവുകയും ചെയ്തതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് ജീവനക്കാര്‍. കൂലി വര്‍ധനവ് വേണമെന്ന തൊഴിലാളികളുടെ നിരന്തര ആവശ്യം കണക്കിലെടുത്ത് ശമ്പളം പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ചെയ്ത ജോലിക്കുള്ള കൂലി പോലും നല്‍കാതെ ശമ്പള വര്‍ധനവ് നടപ്പാക്കിയിട്ടെന്ത് കാര്യമെന്നാണ് തൊഴിലാളികള്‍ ചോദിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here