പുതുവത്സരാഘോഷങ്ങള്‍; കൊച്ചിയില്‍ കനത്ത സുരക്ഷ

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കൊച്ചിയില്‍ സുരക്ഷ ശക്തമാക്കി. നിയമലംഘനങ്ങള്‍ തടയാന്‍ വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. നാളെ പുലര്‍ച്ചെ വരെയാണ് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികമാളുകള്‍ പുതുവത്സരാഘോഷത്തിനായി എത്തുന്ന കൊച്ചിന്‍ കാര്‍ണിവല്‍ വേദിയായ ഫോര്‍ട്ട് കൊച്ചിയിലാണ് ഏറ്റവും കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരിക്കുന്നത്. ഇവിടെ പ്രത്യേക പൊലീസ് കണ്‍ട്രോള്‍ റും തുറന്നു.
വൈകിട്ട് മൂന്ന് മുതല്‍ തോപ്പുംപടി പാലം, ഹാര്‍ബര്‍ പാലം, ഇടക്കൊച്ചി, കുമ്പളങ്ങി, കമാലക്കടവ് എന്നിവിടങ്ങളില്‍ പ്രത്യേക പോലീസ് പിക്കറ്റുകള്‍ ഏര്‍പെടുത്തി. ആഘോഷങ്ങള്‍ക്കായി എത്തുന്ന വിദേശികള്‍ക്ക് പ്രത്യേക സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. ബീച്ചിലും പരിസരത്തുമായി 150 നീരീക്ഷണ ക്യാമറകളും, വാച്ച് ടവറുകളും ക്രമീകരിച്ചിട്ടുണ്ട്. മൂന്ന് മണിക്ക് ശേഷം വേളി മുതല്‍ ബസ് സ്റ്റാന്‍ഡ് വരെ ഗതാഗതം നിരോധിച്ചു. മദ്യപിച്ച് വാഹനം ഓടിക്കുക, മൂന്ന് പേര്‍ ഒരു ബൈക്കില്‍ യാത്ര ചെയ്യുക, ലെഫ്റ്റ് സൈഡ് ഓവര്‍ ടേക്കിങ്ങ് , അപകടകരമായ ഡ്രൈവിംഗ് , സിഗ്‌നല്‍ ലൈറ്റ് ജമ്പിങ്ങ് , അപകടകരമായ ഓവര്‍ ടേക്കിങ്ങ്, അനാവശ്യമായ ലൈറ്റ് ഫിറ്റിങ്ങ്‌സ് തുടങ്ങിയ നിയമ ലംഘനങ്ങള്‍ തടയുന്നതിനായി കര്‍ശന പരിശോധനയാവും നടക്കുക. മോട്ടോര്‍ വാഹന വകുപ്പും എക്‌സൈസും പൊലീസുമായി ചേര്‍ന്ന് ജില്ലയില്‍ മുഴുവന്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
വിദേശികളെ ശല്യപെടുത്തുന്നത് തടയാന്‍ മഫ്തിയില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. മദ്യവില്‍പന ശാലകള്‍ സമയപരിധി പാലിക്കാന്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിരോധിത ലഹരി ഉപയോഗം തടയാന്‍ ഇതിനകം പ്രത്യേക പരിശോധന ആരംഭിച്ചു. അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിച്ചാല്‍ കേസെടുക്കും. പത്ത് മണിക്ക് ശേഷം പടക്കം പൊട്ടിക്കുന്നതിനും നിയന്ത്രണമേര്‍പെടുത്തിയിട്ടുണ്ട്.
Story Highlights- New Year, Heavy security in Kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here