Advertisement

വാഹന രജിസ്‌ട്രേഷന്‍ നികുതി വെട്ടിപ്പ് കേസ്; സുരേഷ് ഗോപിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു

December 31, 2019
0 minutes Read

പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ നികുതി വെട്ടിപ്പ് കേസില്‍ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്കെതിരേ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നികുതി വെട്ടിക്കുന്നതിനായി വ്യാജ താമസരേഖകള്‍ നിര്‍മിച്ചുവെന്നും മൊഴികളെല്ലാം സുരേഷ് ഗോപിക്ക് എതിരാണെന്നും തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നു.

2010 ലും 2017 ലുമായി സുരേഷ് ഗോപി രണ്ട് ഔഡി കാറുകള്‍ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചുവെന്നായിരുന്നു ക്രൈംബ്രാഞ്ച് കേസ്. നികുതി വെട്ടിക്കാനായി പുതുച്ചേരിയില്‍ താമസിച്ചുവെന്നതിന് സുരേഷ് ഗോപി വ്യാജരേഖകള്‍ ചമച്ചതായി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

സുരേഷ് ഗോപി ഹാജരാക്കിയ വാടക കരാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ വ്യാജമാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. സുരേഷ് ഗോപി താമസിച്ചുവെന്ന് പറയുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ ഉടമകള്‍ ഇതുവരെ അദ്ദേഹത്തെ നേരില്‍ക്കണ്ടിട്ടില്ലെന്ന് മൊഴി നല്‍കിയിട്ടുണ്ട്. അപ്പാര്‍ട്ട്‌മെന്റിലെ അസോസിയേഷന്‍ ഭാരവാഹികളും ഇതേ കാര്യം പറഞ്ഞുവെന്നു കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

രേഖകള്‍ സാക്ഷ്യപ്പെടുത്തിയ നോട്ടറി അഭിഭാഷകന്‍, തന്റെ വ്യാജ ഒപ്പും സീലുമാണ് ഉപയോഗിച്ചതെന്നും മൊഴി നല്‍കിയിട്ടുണ്ട്. രണ്ട് കാറുകളിലുമായി 25 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് നടന്നുവെന്നാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തല്‍. വ്യാജരേഖ ചമയ്ക്കല്‍, നികുതി വെട്ടിക്കാനായി മനഃപൂര്‍വമായ ശ്രമങ്ങള്‍ നടത്തി സര്‍ക്കാരിന് നഷ്ടമുണ്ടാക്കല്‍, വഞ്ചന എന്നീ കുറ്റങ്ങളാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ പരമാവധി ഏഴുവര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top