18 മാസങ്ങൾക്ക് ശേഷം മാത്യൂസ് ടീമിൽ; ഇന്ത്യക്കെതിരായ ശ്രീലങ്കൻ ടീമിനെ മലിംഗ നയിക്കും

ഇന്ത്യക്കെതിരായ ടി-20 പരമ്പരക്കുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. സ്റ്റാർ പേസർ ലസിത് മലിംഗ നയിക്കുന്ന ടീമിൽ വെറ്ററൻ ഓൾറൗണ്ടർ ആഞ്ചലോ മാത്യൂസ് തിരികെ വന്നതാണ് ശ്രദ്ധേയം. 18 മാസങ്ങൾക്കു ശേഷമാണ് മാത്യൂസ് ദേശീയ ടീമിൽ തിരികെ എത്തുന്നത്. ഈ മാസം അഞ്ചിനാണ് പരമ്പര ആരംഭിക്കുന്നത്.

പരുക്ക് പറ്റിയതിനെത്തുടർന്ന് പേസർ നുവാൻ പ്രദീപിനെ ടീമിലേക്ക് പരിഗണിച്ചില്ല. നുവാൻ പ്രദീപിനൊപ്പം ബാറ്റ്സ്മാൻ ഷെഹാൻ ജയസൂര്യക്കും ടീമിൽ ഇടം നേടാനായില്ല. രാജ്യാന്തര മത്സര പരിചയം ആവോളമുള്ള ആഞ്ചലോ മാത്യൂസ് ടീമിലെത്തിയത് ലങ്കക്ക് ആശ്വാസമാകും. ഇന്നിംഗ്സ് കെട്ടിപ്പടുക്കാനും അവസാന ഓവറുകളിൽ തകർത്തടിക്കാനും സാധിക്കുന്ന മാത്യൂസിൻ്റെ വരവ് ലങ്കൻ ബാറ്റിംഗ് ഡിപ്പാർട്ട്മെൻ്റിൻ്റെ ബാലൻസ് വർധിപ്പിക്കും. 2018 ഓഗസ്റ്റിലാണ് മാത്യൂസ് അവസാനമായി ദേശീയ ടീമിൽ ഒരു ടി-20 മത്സരം കളിച്ചത്.

ഈ മാസം അഞ്ചിനു ഗുവാഹത്തിയിലാണ് പരമ്പരയിലെ ആദ്യ മത്സരം. ഏഴം തിയതി ഇൻഡോറിൽ രണ്ടാം മത്സരവും പത്താം തീയതി പൂനെയിൽ മൂന്നാം മത്സരവും നടക്കും.

ലങ്കൻ ടീം: ലസിത് മലിംഗ (ക്യാപ്റ്റൻ), കുശാൽ പെരേര, ധനുഷ്ക ഗുണതിലക, ആവിഷ്കോ ഫെർണാണ്ടോ, ഭനുക രജപക്സെ, ഒഷാഡ ഫെർണാണ്ടോ, ദാസൻ ഷനക, ഏഞ്ചലോ മാത്യൂസ്, നിറോഷാൻ ഡിക്ക് വെല്ല, കുശാൽ മെൻഡിസ്, വാനിന്ദു ഹസറംഗ,‌ ലക്ഷൻ സണ്ടകൻ, ധനഞ്ജയ ഡിസിൽവ, ലാഹിരു കുമാര, ഇസുരു ഉഡാന.

Story Highlights: India, Srilanka, T-20നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More