‘സത്യം പറയുക, ഭരണഘടന വായിക്കുക’; ബിജെപിക്കുള്ള കോൺഗ്രസിന്റെ ഏഴ് പുതുവത്സര പ്രതിജ്ഞകൾ

പുതുവത്സരത്തിൻ്റെ ഭാഗമായി ബിജെപി എടുക്കേണ്ട ഏഴ് പ്രതിജ്ഞകളുമായി കോൺഗ്രസ്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ പുറത്തു വിട്ട ആർട്ടിക്കിളിലാണ് ഈ നിർദ്ദേശങ്ങൾ പുറത്തു വിട്ടത്. സത്യം പറയണമെന്നും ഭരണഘടന വായിച്ചു നോക്കണമെന്നും പുരുഷ മേൽക്കോയ്മ കുറയ്ക്കണമെന്നുമൊക്കെ കോൺഗ്രസ് ബിജെപിയോട് ആവശ്യപ്പെടുന്നുണ്ട്.
ജനാധിപത്യ തത്വങ്ങൾ പാലിക്കണമെന്നതാണ് ബിജെപിയ്ക്കുള്ള കോൺഗ്രസിൻ്റെ ആദ്യ പ്രതിജ്ഞ. ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയും രാജ്യത്തിൻ്റെ വിവിധ ഇടങ്ങളിൽ 144 പ്രഖ്യാപിച്ചതുമൊക്കെയാണ് ഈ പ്രതിജ്ഞക്കുള്ള കാരണമായി കോൺഗ്രസ് ഉയർത്തിക്കാണിക്കുന്നത്. സിഎഎ, എൻആർസി തുടങ്ങിയവയും ഈ നിർദ്ദേശനത്തിനു പ്രചോദനമായിട്ടുണ്ട്.
പുരുഷ മേധാവിത്വം കുറയ്ക്കണമെന്നതാണ് രണ്ടാമത്തെ പ്രതിജ്ഞ. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വനിതാ സംവരണ ബില്ലിനെ എതിര്‍ക്കുന്നതാണ് ഈ നിർദ്ദേശം മുന്നോട്ടു വെക്കാനുള്ള പ്രധാന കാരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വിറ്ററിൽ പിന്തുടരുന്നവരിൽ ഏറിയ ആളുകളും സ്ത്രീവിരുദ്ധ ട്വീറ്റുകൾ പ്രോത്സാഹിപ്പിക്കുന്നവരാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. ബിജെപി ഭരണത്തിനു കീഴിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ 9 ശതമാനം വർധിച്ചുവെന്നും കോൺഗ്രസ് ആർട്ടിക്കിളിലൂടെ പറയുന്നു.
സത്യം പറയുക എന്നതാണ് അടുത്തത്. രാജ്യത്ത് തടങ്കൽ പാളയങ്ങളില്ലെന്നവകാശപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചാണ് ഈ നിർദ്ദേശം. ദേശീയ പൗരത്വ രജിസ്റ്ററിനെച്ചൊല്ലി അമിത് ഷായും നരേന്ദ്രമോദിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസവും ആർട്ടിക്കിളിൽ സൂചിപ്പിക്കുന്നു. നുണ കൊണ്ട് അവർ അവരെത്തന്നെ കുടുക്കുകയാണെന്നും അതുകൊണ്ട് സത്യം പറയുന്നത് അവർക്ക് തന്നെ നല്ലതാവുമെന്നും കോൺഗ്രസ് പറയുന്നു.
മറ്റുള്ളവരുടെ അഭിപ്രായങ്ങളെ മാനിക്കണമെന്നതാണ് നാലാമത്തെ നിർദ്ദേശം. തങ്ങളെ വിമർശിക്കുന്നവരെ സർക്കാരിന് ഇഷ്ടമല്ലെന്നും അവരെ അടിച്ചമർത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തുന്നു. നിയമവിരുദ്ധമായ തടവ്, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കയറിയുള്ള പൊലീസിൻ്റെ അതിക്രമം, സമാധാനപരമായ പ്രതിഷേധങ്ങൾക്ക് നേരെ പെല്ലറ്റ് തോക്ക് പ്രയോഗിക്കുന്നത്, വസ്തുതകൾ തുറന്ന് കാണിക്കുന്ന മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്യുക തുടങ്ങിയവയൊക്കെ ഇതിൻ്റെ കാരണങ്ങളാണെന്ന് കോൺഗ്രസ് പരയുന്നു.
പരസ്യച്ചെലവ് കുറക്കുക എന്ന നിർദ്ദേശമാണ് അഞ്ചാമതായി കോൺഗ്രസ് മുന്നോട്ടു വെക്കുന്നത്. ബിജെപി പരസ്യത്തിനായി ചെലവഴിച്ചത് 7 കോടിയാണെന്നും ഇത് തങ്ങൾ ചെലവാക്കിയ തുകയേക്കാള്‍ 500 ശതമാനം കൂടുതലാണെന്നും കോൺഗ്രസ് പറയുന്നു. 2019 തെരഞ്ഞെടുപ്പിൽ ബിജെപി 17 കോടിയും കോൺഗ്രസ് 2.7 കോടിയുമാണ് ചെലവഴിച്ച തുകയെന്നും ബിജെപിയുടെ ആദ്യ നാലു വർഷം കൊണ്ട് പരസ്യത്തിനായി 4000 കോടി ചെലവഴിച്ചുവെന്നും കോൺഗ്രസ് ആരോപിക്കുന്നു.
കൂടുതൽ സമയം ഇന്ത്യയിൽ തന്നെ ചെലവഴിക്കണമെന്നാണ് കോൺഗ്രസിൻ്റെ അടുത്ത നിർദ്ദേശം. 55 മാസത്തിനിടെ 92 രാജ്യങ്ങളിലാണ് നരേന്ദ്രമോദി യാത്ര ചെയ്തതെന്നാണ് കോൺഗ്രസ് പറയുന്നത്. ഇതിന് 2,021 കോടി രൂപ ചെലവായി. 2020 ൽ എങ്കിലും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ കൂടുതൽ സമയം ഇന്ത്യയില്‍ ചെലവഴിക്കണമെന്നും വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ അവസാനിപ്പിക്കണമെന്നും കോൺഗ്രസ് കൂട്ടിച്ചേർത്തു.
അവസാനമായി, ഭരണഘടന വായിക്കാൻ കൂടുതൽ സമയം കണ്ടെത്തണമെന്ന് കോൺഗ്രസ് ബിജെപിയെ ഓർമിപ്പിക്കുന്നു. ഭരണഘടനയോട് ബിജെപിക്ക് കടുത്ത അവഗണനയാണെന്നാണ് കോൺഗ്രസ് പറയുന്നത്. ഭരണഘടന വായിച്ചിട്ടേ ഇല്ലെന്ന തരത്തിലാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. സിഎഎയും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കലുമൊക്കെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ന്‍റെ ലംഘനമാണ്. അതുകൊണ്ട് തന്നെ ഭരണ വായിക്കാന്‍ ബിജെപി കണ്ടെത്തണം കൂടുതല്‍ സമയം കണ്ടെത്തണമെന്നും കോണ്‍ഗ്രസ് പറയുന്നു.
പുതുവർഷ പ്രതിജ്ഞകൾ പാലിക്കാൻ പലർക്കും സാധിക്കില്ലെന്നും ബിജെപി അത് പാലിക്കാൻ ശ്രമിക്കണമെന്നും കോൺഗ്രസ് പറയുന്നു.
Top 7 New Year’s Resolutions the BJP should make immediately. https://t.co/AEuCG0IArn
— Congress (@INCIndia) January 2, 2020
Story Highlights: BJP, Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here