പൗരത്വ നിയമ ഭേദഗതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

പൗരത്വ നിയമ ഭേദഗതിയിൽ നിന്ന് ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധി നിയമം പഠിച്ചാൽ പരസ്യ സംവാദത്തിന് തയാറാണെന്നും അമിത് ഷാ രാജസ്ഥാനിൽ പറഞ്ഞു. അതിനിടെ രാജസ്ഥാനിലുള്ള പാകിസ്താൻ അഭയാർത്ഥികൾക്ക് പൗരത്വം നൽകുമെന്ന 2018 നിയമസഭാ തെരെഞ്ഞെടുപ്പിലെ കോൺഗ്രസ് വാഗ്ദാനം ബിജെപി പുറത്തുവിട്ടു.
പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് വിശദീകരിക്കാൻ രാജ്യമെമ്പാടും ബിജെപി റാലികൾ സംഘടിപ്പിക്കുകയാണ്. രാജസ്ഥാനിലെ ജോധ്പൂരിലെ റാലിയിലാണ് പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് വന്നാലും പൗരത്വ നിയമത്തിൽ നിന്ന് ബിജെപി പിന്നോട്ട് പോകില്ലെന്ന നിലപാട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവർത്തിച്ചത്. തെറ്റ് ധരിപ്പിക്കാനുള്ള ശ്രമവുമായി പ്രതിപക്ഷത്തിന് മുന്നോട്ട് പോകാം. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി വീര സവർക്കറെ പോലും കോൺഗ്രസ് തള്ളിപ്പറയുന്നു. 2018ല രാജസ്ഥാൻ നിയമസഭാ തെരെഞ്ഞെടുപ്പിൽ പാകിസ്താൻ അഭയാർത്ഥികൾക്ക് പൗരത്വം നൽകുമെന്ന വാഗ്ദാനം നടത്തിയ കോൺഗ്രസ് ഇരട്ട താപ്പാണ് ഇപ്പോൾ കാണിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരള നിയമസഭയുടെ പ്രമേയത്തെ വിമർശിച്ചതിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദിന് തുറന്ന കത്തെഴുതി. പ്രമേയം അവർ പ്രതിനിധീകരിക്കുന്ന ജനങ്ങളുടെ ശബ്ദം ആണെന്നും കത്തിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here