ബെനലി 302-എസ് ഈ വര്‍ഷം ഇന്ത്യയിലെത്തും

ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ബെനലി പുതിയ 302-എസ് എന്ന മോഡല്‍ ഉടന്‍ ഇന്ത്യയിലെത്തിക്കും. നിലവില്‍ വില്‍പനയിലുള്ള ടിഎന്‍ടി 300 ന് പകരക്കാരനായിട്ടാണ് ബെനലിയുടെ ഈ ബൈക്ക് വിപണിയിലെത്തിക്കുന്നത്. ടിഎന്‍ടി 300 നെ അടിസ്ഥാനപ്പെടുത്തിയാണ് ഈ മോഡലിനെയും കമ്പനി വിപണിയില്‍ എത്തിക്കുന്നത്.

സ്‌പോര്‍ട്ടി രൂപ ഭാവത്തിലാണ് 302എസ് എത്തുക. കെടിഎം 390 ഡ്യെൂക്കിനോട് സാമ്യതയുള്ള
ഡിസൈനാണ് പുതിയ 302-എസിന്. 390 ഡ്യൂക്കില്‍ കണ്ടിരിക്കുന്ന രണ്ടായി വിഭജിച്ച രീതിയിലുള്ള ഹെഡ് ലാമ്പും എല്‍ഇഡി ഡെ ടൈം റണിംഗ് ലാമ്പുമാണ് മുന്നിലെ സവിശേഷതകള്‍. വലിപ്പമേറിയ ഫ്യുവല്‍ ടാങ്ക്, പിറകില്‍ അല്പം ഉയര്‍ന്ന സീറ്റ്, ചെത്തിയൊതുക്കിയ രീതിയിലുള്ള പിന്‍ഭാഗം, ടെയില്‍ ലാമ്പ് എന്നിവയാണ് മറ്റു പ്രധാന സവിശേഷതകള്‍. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സ്പ്ലിറ്റ് ഗ്രാബ് റെയില്‍, അലോയി വീലുകള്‍, അലൂമിനിയം എക്‌സോസ്റ്റ് പൈപ്പുകള്‍ എന്നിവയും മറ്റ് സവിശേഷതകളാണ്.

സുരക്ഷയ്ക്കായി ഡ്യുവല്‍ ചാനല്‍ എബിഎസും നല്‍കിയിട്ടുണ്ട്. 17 ഇഞ്ചിന്റെ അലോയി വീലുകളും കമ്പനി ബൈക്കില്‍ ഇടംപിടിച്ചിട്ടുണ്ട്. 300 സിസി പാരലല്‍ ട്വിന്‍ എന്‍ജിനാണ് 302-എസ് ന് കരുത്തേകുന്നത്. ആറു സ്പീഡ് ആണ് ഗിയര്‍ബോക്‌സ് ബൈക്കിനുള്ളത്. 302-എസ് ന്റെ വില സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല. എന്നാലും 3.25 ലക്ഷം രൂപ വരെ ബൈക്കിന് വിലവരുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top