ഇന്തോനേഷ്യയിൽ വെള്ളപ്പൊക്കം; മരിച്ചവരുടെ എണ്ണം 47 ആയി

ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ ദിവസങ്ങളായി തുടരുന്ന വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 47 ആയി. 13 വർഷത്തിനിടെ രാജ്യം നേരിടുന്ന ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കത്തിനാണ് ജക്കാർത്ത സക്ഷ്യംവഹിക്കുന്നത്.
ഇന്തോനേഷ്യൻ തലസ്ഥാന നഗരമായ ജക്കാർത്തയിലെ പത്തിലേറെ ജില്ലകളെയാണ് പ്രളയം ബാധിച്ചത്. അതിർത്തി പ്രദേശങ്ങളായ ബെകാശി,ബോഗോർ,ഡെപോക്ക്,ലെബാക്ക് എന്നിവിടങ്ങളിലെ മിക്ക നദികളും കരകവിഞ്ഞൊഴുകി. പ്രദേശങ്ങളിൽ മണ്ണിടിച്ചിലും രൂക്ഷമാണ്. പതിനായിരക്കണക്കിനു വീടുകൾ വെള്ളത്തിനടിയിലായി.
ജക്കാർത്തയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ മാത്രം നാല് ലക്ഷത്തിലേറെ പേരെ പുരധിവസിപ്പിച്ചു. ചില പ്രദേശങ്ങളിലെ ജലനിരപ്പ് ഇപ്പോഴും ആറ് മീറ്ററിന് മുകളിലാണെന്നും, രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ദുരന്ത നിവാരണ സേനാ വക്താവ് വിബോവോ പറഞ്ഞു.
ബെകാശിയെയാണ് പ്രളയം ഏറെ ബാധിച്ചത്. രണ്ട് ലക്ഷത്തോളം പേർക്ക് വീടുകളിലേക്ക് മടങ്ങുവാൻ കഴിയാത്ത സാഹചര്യമാണ്. നഗരത്തിലെ മിക്കഭാഗവും ആറടിയിലേറെ ചെളിവെള്ളം നിറഞ്ഞിരിക്കുകയാണ്. ജനുവരി ഒന്നിന് ആരംഭിച്ച ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. മഴ അടുത്ത മാസം വരെ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രങ്ങൾ നൽകുന്ന മുന്നറിയിപ്പ്.
Story Highlights- Indonesia, Flood
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here