കുട്ടനാട് സീറ്റ്; സ്ഥാനാര്‍ത്ഥി പട്ടികയൊരുക്കി ജോസ് കെ മാണി വിഭാഗം

കുട്ടനാട് സീറ്റിനെ ചൊല്ലി കേരളാ കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കം രൂക്ഷമായിരിക്കെ സ്ഥാനാര്‍ത്ഥി പട്ടികയൊരുക്കി ജോസ് കെ മാണി വിഭാഗം. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബിനു ഐസക്കിനെയോ ഡോ. ഷാജോ കണ്ടകുടിയെയോ സ്ഥാനാര്‍ത്ഥിയാക്കാനാണ് ധാരണ.
യുഡിഎഫില്‍ കുട്ടനാട് സീറ്റ് തങ്ങള്‍ക്ക് തന്നെയെന്നുറപ്പിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുകയാണ് ജോസ് കെ മാണി വിഭാഗം. സീറ്റില്‍ അവകാശവാദം ഉന്നയിക്കാനുള്ള ജോസഫ് വിഭാഗത്തിന്റെ നീക്കങ്ങള്‍ പൂര്‍ണമായി തടയുകയാണ് ലക്ഷ്യം. തോമസ് ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് എതിര്‍ സ്ഥാനാര്‍ത്ഥി വന്നാല്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവും ചമ്പക്കുളം ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ ബിനു ഐസക്കിനെ മത്സരിപ്പിക്കാനാണ് തീരുമാനം. അല്ലെങ്കില്‍ സംസ്ഥാന കമ്മിറ്റി അംഗവും കോളജ് അധ്യാപകനുമായി ഡോ. ഷാജോ കണ്ടകുടിയെ സ്ഥാനാര്‍ത്ഥിയാക്കും.
ബൂത്ത് അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങാനും കുട്ടനാട്ടില്‍ ചേര്‍ന്ന ജോസ് വിഭാഗത്തിന്റെ നേതൃയോഗം തീരുമാനിച്ചു. ജനുവരി പതിമൂന്ന്, പതിനാല് തീയതികളില്‍ ചരല്‍ക്കുന്നില്‍ ചേരുന്ന സംസ്ഥാന കമ്മിറ്റി കുട്ടനാട്ടിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. അതേസമയം കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് ഏബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here