ലില്ലിക്കു ശേഷം ‘അന്വേഷണ’വുമായി പ്രശോഭ് വിജയൻ; ത്രില്ലടിപ്പിക്കുന്ന ട്രെയിലർ കാണാം

മേക്കിംഗും അഭിനയവും കൊണ്ട് ശ്രദ്ധ നേടിയ ലില്ലി എന്ന ചിത്രത്തിനു ശേഷം പ്രശോഭ് വിജയൻ അണിയിച്ചൊരുക്കുന്ന അന്വേഷണം എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. ത്രില്ലർ മോഡിലുള്ള ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചിരിക്കുന്നത്. കഥാതന്തുവിനെപ്പറ്റി കാര്യമായ വെളിപ്പെടുത്തലൊന്നും നൽകാതെയാണ് ട്രെയിലർ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒരു മെഡിക്കൽ ത്രില്ലർ എന്ന സൂചന മാത്രമാണ് ട്രെയിലർ നൽകുന്നത്.

ജയസൂര്യയാണ് ചിത്രത്തിലെ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജയസൂര്യയ്ക്ക് പുറമെ വിജയ് ബാബു, നന്ദു, ശ്രുതി രാമചന്ദ്രൻ, ലിയോണ, ലെന, ലാൽ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ വേഷമിടുന്നു. ഇ ഫോർ എൻ്റർടെയിന്മെൻ്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. സുജിത്ത് വാസുദേവ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്യുമ്പോൾ ജേക്‌സ് ബിജോയ്‍‍ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നു. ഫ്രാന്‍സിസ് തോമസിൻ്റേതാണ് തിരക്കഥ. രണ്‍ജീത് കമലയും സലില്‍ വിയും ചേര്‍ന്ന് അഡീഷണല്‍ സ്‌ക്രീന്‍ പ്ലേയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നു. അപ്പു ഭട്ടതിരിയാണ് എഡിറ്റിംഗ്.

ഈ മാസം 31നാണ് ചിത്രം തീയറ്ററുകളിൽ എത്തുക. ‘സത്യം എപ്പോഴും വിചിത്രമായിരിക്കും’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

Story Trailer: Trailer, Anveshanam, Jaysurya

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More