സിഎഎ, എൻആർസി വിരുദ്ധ പ്രതിഷേധ പരിപാടികൾ ചർച്ച ചെയ്യാൻ യുഡിഎഫ് യോഗം; ജോസഫ് വിഭാഗം ഇറങ്ങിപ്പോയി

കോട്ടയം ജില്ലാ യുഡിഎഫ് നേതൃയോഗത്തിൽ നിന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഇറങ്ങിപ്പോയി. തദ്ദേശസ്ഥാപനങ്ങളിലെ ധാരണകൾ ജോസ് പക്ഷം ലംഘിക്കുകയാണെന്നും, കോൺഗ്രസ് ഇടപെടുന്നില്ലെന്നും ആരോപിച്ചാണ് പ്രതിഷേധം. ജോസ് കെ മാണിയോട് ഒന്നിച്ചിരിക്കാനാകില്ലെന്ന് സജി മഞ്ഞക്കടമ്പിൽ വ്യക്തമാക്കി. യുഡിഎഫിലെ തർക്കങ്ങൾ ഉടൻ പരിഹരിക്കുമെന്ന് ഉമ്മൻചാണ്ടി പ്രതികരിച്ചു
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ പരിപാടികൾ ചർച്ച ചെയ്യാൻ ചേർന്ന യുഡിഎഫ് യോഗമാണ് വാക്കേറ്റത്തിൽ കലാശിച്ചത്. തദ്ദേശ സ്ഥാപനങ്ങളിൽ ജോസ് പക്ഷം ധാരണ പാലിക്കുന്നില്ലെന്ന് വ്യക്തമാക്കി ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പ്രതിഷേധ മറിയിച്ചു. ഇതാണ് തർക്കത്തിന് തുടക്കം കുറിച്ചത്.
ജോസ് വിഭാഗവും കോൺഗ്രസ് നേതാക്കളും പ്രതികരിച്ചതോടെ പ്രശ്നം കയ്യാങ്കളിയുടെ വക്കിലെത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇടപെട്ടതോടെയാണ് ജോസഫ് വിഭാഗം യോഗം ബഹിഷ്കരിച്ചത്.
അകലകുന്നം പഞ്ചായത്തിലെ തർക്കത്തിന് പിന്നാലെ, ചങ്ങനാശേരി നഗരസഭയിലും, കാഞ്ഞിരപ്പള്ളി ബ്ലോക്കിലും ജോസ് വിഭാഗം ധാരണ ലംഘിച്ചതിലാണ് ജോസഫ് പക്ഷത്തിന്റെ പ്രതിഷേധം. പി.ജെ ജോസഫിന്റെ അറിവോടെയാണ് വിട്ടു നിൽക്കുന്നതെന്നും, ധാരണകൾ പാലിക്കുന്നവരെ യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ലെന്നും സജി മഞ്ഞക്കടമ്പിൽ വ്യക്തമാക്കി. എന്നാൽ യുഡിഎഫിലെ തർക്കങ്ങൾ ഉടൻ പരിഹരിക്കുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി പ്രതികരിച്ചു.
Story Highlights: CAA, NRC, Congress, UDF
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here