Advertisement

പലരും രാജ്യാന്തര കരിയർ തുടങ്ങുന്ന സമയത്ത് തനിക്ക് അവസാനിപ്പിക്കേണ്ടി വന്നു; തുറന്നു പറഞ്ഞ് ഇർഫാൻ പത്താൻ

January 5, 2020
1 minute Read

ഇന്നലെയാണ് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ വിരമിച്ചത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ ഇർഫാൻ കപിലിൻ്റെ പിൻഗാമി എന്ന് അറിയപ്പെട്ടിരുന്നു. തുടർന്ന് ടീം മാനേജ്മെൻ്റിൻ്റെ ആവശ്യപ്രകാരം ബാറ്റിങിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ബൗളിംഗ് മോശമാവുകയും ഏകദേശം എട്ടു വർഷങ്ങൾക്കു മുൻപ് ടീമിന് പുറത്താവുകയുമായിരുന്നു. വിരമിക്കൽ പ്രഖ്യാപനത്തിനോടനുബന്ധിച്ച് തനിക്ക് ആകെ ഒരേയൊരു ദുഖമേ ഉള്ളൂ എന്നാണ് ഇർഫാൻ പറയുന്നത്.

പല താരങ്ങളും രാജ്യാന്തര കരിയർ ആരംഭിക്കുന്ന സമയത്ത് തനിക്ക് കരിയർ അവസാനിപ്പിക്കേണ്ടി വന്നതു മാത്രമാണ് തൻ്റെ ദുഖമെന്ന് ഇർഫാൻ പറഞ്ഞു. ഇനി രാജ്യത്തിനായി കളിക്കാന്‍ കഴിയില്ലെന്ന് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ മനസ്സിലായി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലടക്കം മികച്ച പ്രകടനം നടത്തിയപ്പോഴും സെലക്ടര്‍മാര്‍ തന്റെ ബൗളിംഗില്‍ തൃപ്തരല്ലായിരുന്നു. 27-ാം വയസ്സില്‍ കരിയര്‍ അവസാനിച്ചപ്പോള്‍ കുറച്ചു കൂടി അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലെന്ന് തോന്നിയിട്ടുണ്ട്. കൂടുതല്‍ കളിക്കണമെന്നും 500-600 വിക്കറ്റുകള്‍ നേടണമെന്നുമൊക്കെ ആഗ്രഹിക്കാനല്ലെ പറ്റൂ. എങ്കിലും ആരോടും പരിഭവമോ പരാതിയോ ഇല്ലെന്നും പത്താന്‍ പറഞ്ഞു.

പതിനഞ്ച് വർഷം നീണ്ട കരിയറിനിടെ ഇർഫാൻ പത്താൻ കളിച്ചത് 120 ഏകദിന മത്സരങ്ങളും, 29 ടെസ്റ്റും 24 ട്വന്റി 20 മത്സരങ്ങളുമാണ്. സ്വിങ് ബൗളിങ്ങിലെ മുടിചൂടാമന്നനായിരുന്ന ഇർഫാൻ സഹോദരൻ യൂസുഫ് പത്താനൊപ്പം ചേർന്ന് ശ്രീലങ്കക്കെതിരായ ടി-20യിൽ ഇന്ത്യയെ വിജയിപ്പിച്ചത് ഒരു നാടോടിക്കഥ പോലെ മനോഹരമായിരുന്നു. മത്സരശേഷം സഹോദരങ്ങൾ ആലിംഗനം ചെയ്ത് നിൽക്കുന്ന ചിത്രം ഐക്കോണിക്ക് ആയിട്ടുള്ള ഒരു ഫ്രെയിമായിരുന്നു. പ്രഥമ ടി-20 ലോകകപ്പ് ഫൈനലിൽ പാകിസ്താനെതിരെ നാലോവറിൽ വെറും 16 റൺസ് വഴങ്ങി മൂന്നു വിക്കറ്റിട്ട് മാൻ ഓഫ് ദി മാച്ചായ ഇർഫാനാണ് ഒരു തരത്തിൽ ഇന്ത്യയെ ജേതാക്കളാക്കിയത്. ഇതേ പാകിസ്ഥാനെതിരെ 2006ൽ നടന്ന ടെസ്റ്റ് മത്സരത്തിൻ്റെ ആദ്യ മൂന്ന് പന്തുകളിൽ വിക്കറ്റെടുത്ത് അപൂർവ ഹാട്രിക്കും ഇർഫാൻ സ്വന്തമാക്കിയിരുന്നു.

Story Highlights: Irfan Pathan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top