Advertisement

ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയതിലെ അവകാശവാദം: സിപിഐഎം – സിപിഐ തര്‍ക്കം മുറുകുന്നു

January 5, 2020
1 minute Read

ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കിയതിലെ അവകാശവാദവുമായി മുഖ്യമന്ത്രി പിണറായി വിജയനും കാനം രാജേന്ദ്രനും കൊമ്പു കോര്‍ത്തതോടെ സിപിഐഎം – സിപിഐ തര്‍ക്കം മുറുകുന്നു. സി അച്യുതമേനോന്റെ സംഭാവനകളെ തമസ്‌കരിക്കാനുള്ള സിപിഐഎം നീക്കത്തിനെതിരെ പരസ്യ പ്രചാരണത്തിന് ഇറങ്ങുമെന്ന് സിപിഐ അറിയിച്ചു.

ഭൂ പരിഷ്‌കരണ നിയമം നടപ്പിലാക്കിയതിന്റെ സുവര്‍ണ ജൂബിലി സെമിനാറില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗം ഇടതു മുന്നണിയെ പിടിച്ചുലയ്ക്കുകയാണ്. പ്രസംഗത്തില്‍ മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോന്റെ പേര് തമസ്‌കരിച്ചതാണ് സിപിഐയെ പ്രകോപിപ്പിച്ചത്. ജനയുഗത്തിലെ മുഖപ്രസംഗത്തിലൂടെ മുഖ്യമന്ത്രിയുടേത് ചരിത്രനിഷേധമാണെന്ന് പറഞ്ഞതിനു പിന്നാലെ മറുപടിയുമായി മുഖ്യമന്ത്രി രംഗത്തെത്തി. സൂര്യനെ പാഴ്മുറംകൊണ്ട് മറയ്ക്കാനാവില്ലെന്ന പ്രസ്താവനയോടെ കാനം രാജേന്ദ്രനും എത്തിയതോടെയാണ് രംഗം വഷളായത്. 168 മണ്ഡലം കമ്മിറ്റികളിലും ഭൂപരിഷ്‌കരണ ജൂബിലെ സെമിനാറുകള്‍ സംഘടിപ്പിച്ച് സി അച്യുതമേനോന്റെ പങ്ക് വിശദീകരിക്കാനാണ് സിപിഐ തീരുമാനം.

ഒപ്പം ടി വി തോമസ്, എം എന്‍ ഗോവിന്ദന്‍ നായര്‍ എന്നീ സമുന്നത നേതാക്കളുടെ ഭരണപരമായ നേട്ടങ്ങളും ജനങ്ങള്‍ക്കിടയില്‍ വിശദീകരിക്കും. അതേസമയം നിയമത്തിന് വിത്ത് പാകിയത് എകെജിയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങളാണെന്നും 1957 ലെയും 1967 ലെയും സര്‍ക്കാരുകളാണ് നിയമം നടപ്പിലാകുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതെന്നുമാണ് സിപിഐഎം നിലപാട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത്തരമൊരു തര്‍ക്കത്തിലേക്ക് മുന്നണിയിലെ പ്രധാന കക്ഷികള്‍ പോകേണ്ടതുണ്ടോ എന്നാണ് ഇരു പാര്‍ട്ടികളിലെയും ഒരു വിഭാഗം ചോദിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top