Advertisement

സുഭാഷ് വാസുവിനെ ബിഡിജെഎസിൽ നിന്ന് പുറത്താക്കും; നീക്കം വിശദീകരണ കത്ത് ലഭിക്കുന്നതിന് മുൻപേ

January 6, 2020
Google News 1 minute Read

രാഷ്ട്രീയ തർക്കങ്ങൾക്കിടെ വിശദീകരണ കത്ത് ലഭിക്കുന്നതിന് മുൻപേ സുഭാഷ് വാസുവിനെ ബിഡിജെഎസിൽ നിന്ന് പുറത്താക്കാൻ തീരുമാനം. പാർട്ടിയേയും, പാർട്ടി നേതാക്കളേയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വാർത്താസമ്മേളനം നടത്തിയതിന്റെ പേരിൽ വിശദീകരണം ചോദിക്കാതെ തന്നെ സുഭാഷ് വാസുവിനെ പുറത്താക്കാമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റേയും ജില്ലാ കമ്മറ്റികളുടേയും അഭിപ്രായം. മൂന്ന് ദിവസത്തിനുള്ളിൽ തന്നെ അച്ചടക്ക നടപടി ഉണ്ടാകും എന്നാണ് സൂചന.

ബിഡിജെഎസിലെ തർക്കങ്ങൾക്ക് പുതിയ തലം നൽകിയാണ് സുഭാഷ് വാസുവിനെ വിശദീകരണ കത്ത് ചോദിക്കാതെ തന്നെ പുറത്താക്കാൻ തീരുമാനം ഉണ്ടായിരിക്കുന്നത്. സംസ്ഥാന കൗൺസിലും , ജില്ലാ നേതൃത്വങ്ങളും ഇക്കാര്യത്തിൽ ഏകകണ്ഠമായ തീരുമാനം എടുത്തിട്ടുണ്ട്. നിയമവശങ്ങൾ പരിശോധിച്ച് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ സുഭാഷ് വാസുവിനെ പുറത്താക്കണമെന്നാണ് നേതൃത്വങ്ങളുടെ ആവശ്യം.

മിക്ക ജില്ലാ നേതൃത്വങ്ങളും പുറത്താക്കൽ പ്രമേയങ്ങൾ അവതരിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. അതേസമയം, സുഭാഷ് വാസുവിനെ പരസ്യമായി തള്ളിപ്പറയണമെന്ന തുഷാർ വെള്ളാപ്പള്ളിയുടെ ആവശ്യത്തോട് എൻഡിഎ ബിജെപി നേതൃത്വങ്ങൾ ഇനിയും പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. സുഭാഷ് വാസുവിന് ബിഡിജെഎസിലെ ഒരു വിഭാഗം പിന്തുണയ്ക്കുന്നുണ്ട് എന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് എൻഡിഎ നേതൃമത്തിന്റെ ഈ മൗനം.

അതിനിടെ മാവേലിക്കരയിലെ വെള്ളാപ്പള്ളി നടേശൻ എഞ്ചിനീയറിംഗ് കോളജിന്റെ പേര് മഹാഗുരു കോളജ് ഓഫ് എഞ്ചിനീയറിംഗ് എന്ന് മാറ്റാനായി സുഭാഷ് വാസു വിഭാഗം നടപടികൾ ആരംഭിച്ച് കഴിഞ്ഞു. കൂടാതെ തുഷാർ വെള്ളാപ്പള്ളിക്കുണ്ടായിരുന്ന 25 ലക്ഷത്തിന്റെ ഷെയർ വാല്യു അനുസരിച്ച് ഒരു കോടിയായി തിരിച്ച് നൽകാനും നടപടികൾ ഉണ്ടാകും. ഒപ്പം 16 ന് ശേഷം, വെള്ളാപ്പള്ളി വിരുദ്ധ ചേരിയിലെ പ്രമുഖരെ നേരിൽ കണ്ട് സുഭാഷ് വാസു പിന്തുണയഭ്യർത്ഥിക്കും. ബിഡിജെഎസ് വിട്ടു പോയ മറ്റുള്ളവരെക്കൂടി ഒന്നിച്ച് നിർത്തി പോരാട്ടം ശക്തമാക്കാനാണ് സുഭാഷ് വാസുവിന്റെ തീരുമാനം എന്നാണ് വിവരം.

story highlights- subhash vasu, bdjs, vellappally nadeshan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here