കേരളത്തിൽ പൊലീസ് രാജുമായി മുന്നോട്ട് പോകാൻ ഇടത് സർക്കാരിനെ അനുവദിക്കില്ലെന്ന് സിപിഐ

കേരളത്തിൽ പൊലീസ് രാജുമായി മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്ന പരസ്യ പ്രഖ്യാപനവുമായി സിപിഐ. യോഗി ആദിത്യ നാഥും, യെദ്യൂരപ്പയും ചെയ്യുന്നത് പോലെ കേരളത്തിലെ ഇടത് സർക്കാർ ചെയ്യരുതെന്ന് സിപിഐ അസിസ്റ്റൻറ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. മാവോയിസ്റ്റ് വേട്ടക്കെതിരെ കേരള മനുഷ്യാവകാശ സമിതി സെക്രട്ടറിയേറ്റിന് മുന്നില് നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രകാശ് ബാബു.
ഇടത് സർക്കാർ അധികാരത്തിൽ വന്നശേഷം മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതെല്ലാം വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന നിലപാട് ആവർത്തിക്കുകയാണ് സിപിഐ. മാവോയിസ്റ്റ് വേട്ട നടത്തിയ പൊലീസുകാർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് പ്രകാശ് ബാബു ആവശ്യപ്പെട്ടു. പൊലീസ് എഴുതി കൊടുക്കുന്നത് വായിക്കുക മാത്രമല്ല മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോഴിക്കോട് പന്തീരങ്കാവില്‍ അലനും താഹയ്കുമെതിരെ യുഎപിഎ ചുമത്തിയിട്ടാണ് എന്‍ഐഎ കേസ് ഏറ്റെടുത്തതെന്നും, പിന്നീട് കേന്ദ്രത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും പ്രകാശ് ബാബു പറഞ്ഞു.
ലഘുലേഖ കയ്യിൽ വച്ചുവെന്ന് കരുതി ആരെയും തടങ്കൽ പാളയത്തിൽ വയ്ക്കാൻ പാടില്ലെന്നും, നരേന്ദ്ര മോദിയുടേയും, അമിത് ഷായുടേയും സർക്കാർ അത് ചെയ്ത് കൊണ്ടിരിക്കുമ്പോൾ ജനപക്ഷത്ത് നിൽക്കുന്നുവെന്ന് തെളിയിക്കാനുള്ള ബാധ്യത ഇടത് സർക്കാരിനുണ്ടെന്നുമം പ്രകാശ് ബാബു പറഞ്ഞു.
Story Highlights: CPI, Maoist
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here