Advertisement

അന്ന് മമ്മൂട്ടിയുടെ സഹായത്താൽ ഹൃദയ ശസ്ത്രക്രിയക്ക് വിധേയരായ കുട്ടികൾ ഇന്ന് എഞ്ചിനീയർമാർ; ആഗ്രഹം ‘ബിരുദ സർട്ടിഫിക്കറ്റ് മമ്മൂക്കയെ കാണിക്കണം’- കുറിപ്പ്

January 6, 2020
Google News 1 minute Read

അന്ന്, 12 കൊല്ലങ്ങൾക്ക് മുമ്പ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ സഹായത്താൽ ഹൃദയ ശസ്ത്രക്രിയക്ക് വിധേയരായ ഇരട്ടകൾ ഇന്ന് എഞ്ചിനിയർമാർ. യുവാക്കളുടെ മോഹം  ജീവിതം തിരിച്ച് പിടിക്കാൻ സഹായിച്ച മമ്മൂട്ടിക്ക് തങ്ങളുടെ ബിരുദ സർട്ടിഫിക്കറ്റ് ഒന്ന് കാണിച്ചുകൊടുക്കണമെന്നാണ്. രോഗികളെ സഹായിക്കാനായി താരം മുൻകൈയെടുത്ത് തുടങ്ങിയ കെയർ ആൻഡ് ഷെയർ രാജ്യാന്തര ഫൗണ്ടേഷൻ ആരംഭിക്കാൻ കാരണം ഇരട്ടകളായ ജാക്‌സണും നിക്‌സണും തന്നെയാണെന്ന് പറയാം.

മരണത്തിന്റെ വക്കിൽ നിന്ന് ഇവരെ കരകയറ്റാൻ മമ്മൂട്ടിയെത്തിയ കഥ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. താരത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന റോബർട്ട് കുര്യക്കോസ് ആണ് ഇതിനെക്കുറിച്ച് ഫേസ്ബുക്കിൽ എഴുതിയിരിക്കുന്നത്,

കുറിപ്പ്:

ജിക്‌സണും നിക്‌സണും എൻജിനീയർമാരായി, ബയോ മെഡിക്കൽ എൻജിനീയർമാർ. സ്വന്തം സഹോദരങ്ങൾക്ക് ലഭിച്ച വിജയം പോലെ എന്നെയും ഒരുപാട് സന്തോഷിപ്പിക്കുന്നതാണ് ഈ ഇരട്ടകളുടെ വിജയം.

മമ്മൂക്കയെ അന്വേഷിച്ചുള്ള ഇവരുടെ യാത്രയിൽ ഒരു നിമിത്തമായാണ് ഞാനും ഉൾപ്പെടുന്നത്. ഏതാണ്ട് 12 വർഷം മുൻപ് എനിക്ക് ഒരു ഫോൺ വന്നു. ബസിന്റെ ഇരമ്പലും വിളിക്കുന്ന ആളുടെ വിതുമ്പലും കാരണം എനിക്ക് അപ്പോൾ കാര്യങ്ങൾ വ്യക്തമായില്ല. കോൾ കട്ട് ആയികൊണ്ടേ ഇരുന്നു. പക്ഷേ അയാൾ വീണ്ടും വീണ്ടും വിളിച്ചു കൊണ്ടേ ഇരുന്നു. മമ്മുക്കയെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് വിളിക്കുന്ന ആയിരക്കണക്കിന് കോളുകൾ ഞാൻ അറ്റൻഡ് ചെയ്തിട്ടുണ്ടങ്കിലും ഇതു അത്തരം ഒന്നല്ലന്ന് മനസ്സിലായി. ഞാൻ അങ്ങോട്ട് വിളിച്ചോളാം എന്ന ഉറപ്പിൽ പിന്നെ കുറെ നേരം അയാൾ വിളിച്ചില്ല. ഒരു മണിക്കൂർ കഴിഞ്ഞ് ഞാൻ അദ്ദേഹത്തെ തിരിച്ച് വിളിക്കുമ്പോളും അയാൾ വിതുമ്പുക ആയിരുന്നു. എങ്കിലും അദ്ദേഹം കാര്യം പറഞ്ഞു. പേര് ജോൺസൻ. കോതമംഗലം സ്വദേശി. കൂലി പണി എടുത്താണ് ജീവിതം. രണ്ടു ഇരട്ട കുട്ടികൾ ആണുള്ളത്. വിട്ടുമാറാത്ത ചില അസുഖങ്ങളെ തുടർന്നുള്ള പരിശോധനയിൽ രണ്ട് മക്കൾക്കും ഹൃദയത്തിൽ വലിയ സുഷിരം ഉൾപ്പെടെ ചില വലിയ വെല്ലുവിളികൾ നേരിടുന്നു. ശ്രീചിത്തിരയിൽ അസുഖം സ്ഥിരീകരിച്ചു മടങ്ങുന്ന വഴി ആണ്. രണ്ട് പേർക്കും കൂടി ലക്ഷങ്ങൾ വേണം. ഈ സാഹചര്യത്തിൽ ആ തുക സ്വപ്നം കാണാൻ പോലും ആകുന്നില്ല. കണ്ണിൽ ഇരുട്ട് കയറി, നിസ്സഹായനായി ഇരുന്ന് ദൈവത്തെ വിളിക്കാനേ സാധിക്കുന്നുള്ളൂ. ബസിൽ അടുത്ത സീറ്റിൽ ഇരുന്ന യാത്രക്കാരൻ ജോൺസനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, കാര്യം മനസ്സിലാക്കിയ അയാൾ പറഞ്ഞു എന്റെ മകൻ ഒരു മമ്മൂട്ടി ഫാൻസ്‌കാരൻ ആണ്. അവരുടെ മമ്മൂട്ടി ആളുകളെ സഹായിക്കാൻ മടി കാണിക്കാത്ത ആളാണ്. ഞാൻ ചോദിക്കട്ടെ വല്ല വഴിയും ഉണ്ടോ എന്ന്.. അയാൾ മകനെ വിളിച്ചു, മകൻ കൊടുത്തത് എന്റെ നമ്പറും.

കാര്യ ഗൗരവം മനസ്സിലാക്കിയ ഞാനും നിസ്സഹായൻ ആയിരുന്നു, കാരണം ഇതിന് പറ്റിയ പദ്ധതികൾ ഒന്നും കയ്യിൽ ഇല്ല. എങ്കിലും ഞാൻ ഇക്കാര്യം മമ്മൂക്കയുടെ മാനേജർ ജോർജ് ചേട്ടനുമായി ഇക്കാര്യം സംസാരിച്ചു.
മമ്മൂക്കയുമായി സംസാരിച്ചിട്ട് വിളിക്കാം എന്ന് പറഞ്ഞു അദ്ദേഹം ഫോൺ വച്ച് പത്ത് മിനിറ്റ് കഴിഞ്ഞതേ ഉള്ളു, മമ്മൂക്ക തന്നെ തിരിച്ചു വിളിച്ചു. കാര്യങ്ങൾ ഒന്ന് കൂടി അന്വേഷിച്ചു, എന്നിട്ട് പറഞ്ഞു ‘ തന്നെ വിളിക്കും മുൻപ് ഞാൻ ഫൈസലിനെ വിളിച്ചിരുന്നു.. നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റലിന്റെ എംഡിയാണ് ഫൈസൽ. അവിടെ വലിയ ഹൃദ്രോഗ ചികിത്സ വിഭാഗം തുടങ്ങിയിട്ടുണ്ട്. മുതിർന്ന ആളുകളെ ചികിൽസിക്കാൻ ഉള്ള സൗകര്യം ആണുള്ളതെങ്കിലും ഈ കുട്ടികളിൽ അടിയന്തിരചികിത്സ ആവശ്യം ഉള്ള ആളുടെ ശസ്ത്രക്രിയയും മറ്റു ചികിത്സകൾക്കും ഉള്ള ഏർപ്പാട് ഞാൻ ചെയ്തിട്ടുണ്ട്. താൻ അത് കോർഡിനേറ്റ് ചെയ്‌തോളു ദൈവത്തിന്റെ അത്ഭുതകരമായ ഒരു ഇടപെടൽ ആയിരുന്നു അത്. മമ്മൂക്കയും നിംസ് ഹോസ്പിറ്റലും ചേർന്നുള്ള ഹാർട്ട് ടു ഹാർട്ട് എന്ന ഒരു പദ്ധതി തന്നെ ഇതോടെ ആരംഭിക്കുകയായിരുന്നു. ഇന്ന് മുന്നൂറിനടുത്ത് സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ അതിനെ തുടർന്ന് അവിടെ നടന്നു, നിക്സൺ ജീവിതത്തിലേക്ക് മടങ്ങി വന്നു.

ഏതാണ്ട് ഒരു കൊല്ലം കഴിഞ്ഞു, ജോൺസൻ വീണ്ടും വിളിച്ചു. ‘ഇരട്ടകളിൽ രണ്ടാമന്റെയും സ്ഥിതി മോശം ആകുന്നു. ഇനി വൈകി കൂടെന്ന് ഡോക്ടർമാർ പറയുന്നു. മമ്മൂട്ടി സാറിനെ അറിയിക്കാമോ? ‘.
മമ്മൂക്കക്ക് അപ്പോഴേക്കും കൃത്യമായ ഒരു പദ്ധതി മനസ്സിൽ ഉണ്ടായിരുന്നു. കുട്ടികളിൽ വർധിച്ചുവരുന്ന ഹൃദ്രോഗഅവസ്ഥക്ക് തന്നാലാവും വഴി എന്തെങ്കിലും ചെയ്യണം എന്ന് അദ്ദേഹവും തീരുമാനം എടുത്തിരുന്നു. നിരാലംബരായ കുടുംബങ്ങളിലെ കുട്ടികളിൽ ആണ് ഈ അവസ്ഥ കണ്ട് വരുന്നത് എന്നത് തന്നെ ആയിരുന്നു കാരണം. അതിനായി അദ്ദേഹം സമാനമനസ്‌കരുമായി ചേർന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന് ഇതോടെ രൂപം കൊടുക്കുകയായിരുന്നു. ഇന്ന് നമ്മൾ കാണുന്ന ഈ ബൃഹത് സംരഭത്തിന്റ ആദ്യ ഗുണഭോക്താവായി ഇരട്ടകളിൽ ഈ രണ്ടാമനെ മമ്മൂക്ക നിശ്ചയിച്ചു.. അവനും ജീവിതത്തിൽ മടങ്ങി എത്തി.

വർഷങ്ങൾ കഴിഞ്ഞു, രണ്ട് പേരും പഠിച്ചു, ബഹുമിടുക്കരായി.. എൻജിനീയർമാരായി. ഇതിൽ പരം സന്തോഷം എന്ത് വേണം? അന്ന് കുട്ടികൾക്കായി മമ്മൂക്ക ഈ പദ്ധതി ആരംഭിക്കുമ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ കാതിൽ മുഴങ്ങുകയാണ്.. നമ്മുടെ ഇന്നത്തെ കുട്ടികൾ നാളത്തെ രാജ്യത്തിന്റെ നട്ടെല്ല് ആണ്. കതിരിൽ വളം വച്ചിട്ട് കാര്യം ഇല്ല. വിത്ത് മുളക്കുമ്പോളും വളരുമ്പോളും ആണ് വളം ചെയ്യേണ്ടത്. അതുപോലെ തന്നെ ചെയ്തു. ജാക്‌സണും നിക്‌സണും പോലെ നൂറു കണക്കിന് യുവാക്കളും യുവതികളും മലയാളത്തിന്റെ ആ ‘അഹങ്കാരി’ തെളിച്ച വഴിയിലൂടെ ജീവിതത്തിൽ ഇപ്പോൾ എത്തിയിട്ടുണ്ടാവും, അല്ലേ??

ഇപ്പോൾ ജാക്‌സണും നിക്‌സണും വലിയ ഒരാഗ്രഹം ബാക്കി നിൽക്കുവാണ്. തങ്ങളുടെ ഈ സർട്ടിഫിക്കറ്റുകൾ മമ്മൂക്കയെ ഒന്ന് കാണിക്കണം, ജോലിയിൽ കയറും മുൻപ് ഒരിക്കൽ കൂടി ആ മഹാ മനുഷ്യന്റെ അനുഗ്രഹം വാങ്ങണം.
( എന്റെ ഒരു സംശയം ഇപ്പോഴും ബാക്കി, അന്ന് ആരായിരിക്കും ബസിൽ ജോൺസൻ ചേട്ടനെ കണ്ട ആ മനുഷ്യൻ..?? )


mamooty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here