രഞ്ജി ട്രോഫി: കേരളം വീണ്ടും തോറ്റു; ഹൈദരാബാദിന് ആറു വിക്കറ്റ് ജയം

രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് തുടർച്ചയായ മൂന്നാം തോൽവി. ഹൈദരാബാദിനെതിരെയാണ് കേരളം സീസണിലെ മൂന്നാം തോൽവി ഏറ്റുവാങ്ങിയത്. ആറു വിക്കറ്റിനാണ് ഹൈദരാബാദ് കേരളത്തെ തോൽപിച്ചത്. രണ്ടാം ഇന്നിംഗ്സിൽ കേരളം മുന്നോട്ടു വെച്ച 155 റൺസ് നാലു വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് മറികടക്കുകയായിരുന്നു.
രണ്ടാം ഇന്നിംഗ്സിൽ 38 റൺസെടുത്ത മല്ലികാർജുനാണ് ഹൈദരാബാദിൻ്റെ ടോപ്പ് സ്കോറർ. ഹിമാലയ് അഗർവാൾ 34 റൺസെടുത്ത് പുറത്താവാതെ നിന്നു. തന്മയ് അഗർവാൾ, അക്ഷത് റെഡ്ഡി എന്നിവർ 32 റൺസ് വീതമെടുത്ത് പുറത്തായി. കേരളത്തിനായി സന്ദീപ് വാര്യർ, ബേസിൽ തമ്പി, ജലജ് സക്സേന എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യ ഇന്നിംഗ്സിൽ 64 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ കേരളം 218 റൺസെടുത്ത് പുറത്തായിരുന്നു. രോഹൻ പ്രേമും വിഷ്ണു വിനോദും 44 റൺസ് വീതം നേടി കേരളത്തിൻ്റെ ടോപ്പ് സ്കോററായി. സൽമാൻ നിസാർ, അക്ഷയ് ചന്ദ്രൻ എന്നിവർ 30 റൺസ് വീതം നേടി. 22 റൺസ് വീതമെടുത്ത ജലജ് സക്സേനയും സച്ചിൻ ബേബിയും കേരള ഇന്നിംഗ്സിലേക്ക് ശ്രദ്ധേയ സംഭാവന നൽകി. ഹൈദരാബാദിനു വേണ്ടി മുഹമ്മദ് സിറാജ് മൂന്നു വിക്കറ്റ് വീഴ്ത്തി. മെഹദി ഹസൻ, സാകേത്, രവി കിരൺ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
തുടർച്ചയായ മൂന്നാം തോൽവിയോടെ കേരളത്തിൻ്റെ അടുത്ത റൗണ്ട് സ്വപ്നങ്ങൾ ഏറെക്കുറെ തകർന്നു. നാലു മത്സരങ്ങളിൽ നിന്ന് ഒരു സമനില മാത്രമാണ് കേരളത്തിനുള്ളത്.
Story Highlights: Ranji Trophy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here