ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ ജനുവരി 13 ന് സുപ്രിംകോടതി പരിഗണിക്കും

ശബരിമല പുനഃപരിശോധനാ ഹര്‍ജി ജനുവരി 13 ന് സുപ്രിംകോടതി പരിഗണിക്കും. ഒന്‍പതംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അന്നുതന്നെ ഹര്‍ജികളിലെ സമ്പൂര്‍ണ വാദം കേട്ട് വിധി പ്രഖ്യാപനം ഉണ്ടാകുമെന്ന സൂചനയുണ്ട്.
തുറന്ന കോടതിയില്‍ വാദം കേള്‍ക്കാമെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായുള്ള ബെഞ്ചിന്റെ അവസാന പട്ടിക രണ്ടുദിവസത്തിനുള്ളില്‍ ഉണ്ടാകും. ഭരണഘടനാപരമായി യുവതികള്‍ക്ക് നല്കുന്ന അവകാശത്തെ ലംഘിക്കുന്നുണ്ടോ എന്നതാകും പ്രധാനമായും പരിശോധിക്കുക. ഏഴംഗം ബെഞ്ചിന്റെ പരിഗണനയിലാണ് കേസ് വരേണ്ടിയിരുന്നത്. എന്നാല്‍ കേസിന്റെ പ്രാധാന്യമാണ് ഒന്‍പത് അംഗ ബെഞ്ചിലേക്ക് കേസ് പോകാന്‍ കാരണമായത്.
ശബരിമല പുനഃപരിശോധനാ വിധി മാത്രമല്ല, മറ്റ് മത വിഷയങ്ങളും ബെഞ്ചിന്റെ പരിഗണനയിലുണ്ടാകും. കേസുമായി ബന്ധപ്പെട്ട് മുഴുനീള വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ അന്‍പതോളം കക്ഷികളാണ് കേസിന്റെ ഭാഗമായി ചേര്‍ന്നിട്ടുള്ളത്. പുതിയ വാദങ്ങളുണ്ടെങ്കില്‍ അവയും കേള്‍ക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here