കോട്ടയം മെഡിക്കൽ കോളേജിലെ ക്രമവിരുദ്ധ നിയമനം റദ്ദാക്കി ഉത്തരവ്; ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്

കോട്ടയം മെഡിക്കൽ കോളേജിലെ ക്രമവിരുദ്ധ നിയമനം റദ്ദാക്കി. അംഗീകൃത യോഗ്യതയില്ലാത്തയാളെ ലാബ് ടെക്‌നീഷ്യനായി നിയമിച്ച തീരുമാനമാണ് പിൻവലിച്ചത്. ട്വന്റിഫോർ വാർത്തയെ തുടർന്നാണ് നടപടി
ഉദ്യോഗസ്ഥരുടെ പിഴവിനെ തുടർന്ന്, യോഗ്യതയില്ലാത്തയാളെ ലാബ് ടെക്‌നീഷ്യനായി നിയമിച്ച നടപടിയാണ് അധികൃതർ റദ്ദാക്കിയത്. താത്ക്കാലിക തസ്തികയിൽ അനധികൃതമായി ജോലി ചെയ്തുവന്ന സജിതാമോൾ വിഎസിനെ ജോലിയിൽ നിന്ന് നീക്കം ചെയ്തുകൊണ്ടാണ് നടപടി. ജോലി ലഭിക്കാൻ ഉദ്യോഗാർത്ഥി ഹാജരാക്കിയത് മംഗളം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള എംഎൽടി സർട്ടിഫിക്കറ്റായിരുന്നു.
എന്നാൽ, പാരാമെഡിക്കൽ കോഴ്‌സുകൾ നടത്താൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയ സ്ഥാപനങ്ങളുടെ പട്ടികയിൽ മംഗളം ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെട്ടിട്ടില്ല. ഇന്റർവ്യുവിന് ശേഷം സർട്ടിഫിക്കറ്റ് പരിശോധിച്ച് യോഗ്യത ഉറപ്പ് വരുത്താതെയായിരുന്നു നിയമനം നൽകിയത്. പിഴവ് ചൂണ്ടിക്കാട്ടി ട്വന്റിഫോർ നൽകിയ വാർത്തയെ തുടർന്നാണ് ക്രമവിരുദ്ധ നിയമനം റദ്ദാക്കിയുള്ള ഉത്തരവ്. എംഎൽടി വിദ്യാർത്ഥികളും സംഭവത്തിൽ പരാതിയുമായി രംഗത്തെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here