പാണ്ഡ്യ ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തുന്നു

ഹർദ്ദിക് പാണ്ഡ്യ ഇന്ത്യൻ ടീമിൽ മടങ്ങിയെത്തുന്നു. ഈ മാസം ന്യൂസിലൻഡിനെതിരെ നടക്കുന്ന ഏകദിന, ടി-20 മത്സരങ്ങൾക്കുള്ള ടീമിൽ പാണ്ഡ്യയെ ഉൾപ്പെടുത്തിയേക്കുമെന്ന് മുംബൈ മിററാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ സെപ്തംബറിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടി-20 മത്സരത്തിലാണ് പാണ്ഡ്യ അവസാനമായി കളിച്ചത്.
ഈ മാസം 24നാണ് ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനം ആരംഭിക്കുന്നത്. അഞ്ച് ടി-20 മത്സരങ്ങളും, 3 ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും ഇന്ത്യ ന്യൂസിലൻഡിൽ കളിക്കും. ഏകദിന, ടി-20 ടീമിൽ ഇടം, പിടിച്ചാലും ടെസ്റ്റ് ടീമിൽ പാണ്ഡ്യ ഉൾപ്പെട്ടേക്കില്ലെന്നും മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നു.
പാണ്ഡ്യയുടെ അഭാവത്തിൽ മുംബൈ താരം ശിവം ദുബെ ആണ് പേസ് ഓൾറൗണ്ടറായി ടീമിലുള്ളത്.
അതേ സമയം, ഇന്ന് ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി-20 മത്സരം നടക്കും. മധ്യപ്രദേശിലെ ഇൻഡോറിലാണ് മത്സരം. ഗുവാഹത്തിയിലെ ആദ്യ മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു. ടോസ് കഴിഞ്ഞ് പെയ്തു തുടങ്ങിയ മഴ അല്പ സമയം കഴിഞ്ഞ് മാറിയെങ്കിലും പിച്ച് ഉണങ്ങാതിരുന്നത് തിരിച്ചടിയായി. സ്റ്റേഡിയത്തിലെ ഡ്രെയിനേജ് സിസ്റ്റം കാര്യക്ഷമമല്ലാതിരുന്നതിനെത്തുടർന്ന് സ്റ്റീം അയണും ഹെയർ ഡ്രയറും വെച്ച് പിച്ചുണക്കാനും ഗ്രൗണ്ട് സ്റ്റാഫ് ശ്രമിച്ചിരുന്നു. എന്നിട്ടും മത്സരം നടന്നില്ല.
Story Highlights: Hardik Pandya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here