അമിത് ഷായ്‌ക്കെതിരെ കറുത്ത മതിൽ തീർക്കാനുളള യൂത്ത് ലീഗ് തീരുമാനത്തിനെതിരെ മുസ്ലിം ലീഗ്

പൗരത്വ ഭേതഗതി നിയമത്തിൽ പ്രതിഷേധിച്ച് അമിത് ഷാ കേരളത്തിലെത്തുന്ന ദിവസം കറുത്ത മതിൽ തീർക്കാനുളള യൂത്ത് ലീഗ് തീരുമാനത്തെ എതിർത്ത് മുസ്ലിം ലീഗ്. പൗരത്വഭേതഗതിയിൽ പോഷക സംഘടനകൾ പ്രതിഷേധം സംഘടിപ്പിക്കുമ്പോൾ മുൻകൂട്ടി നേതൃത്വത്തെ അറിയിക്കണം. മാത്രമല്ല, ക്രമസമാധാന പ്രശ്നമുണ്ടായാൽ പഴി കേൾക്കുക ലീഗിനായിരിക്കുമെന്ന് ഇന്നലെ മലപ്പുറത്ത് ചേർന്ന മുസ്ലിം ലീഗ് ഉന്നതാധികാരസമിതി യോഗത്തിൽ വിമർശനമുയർന്നിരുന്നു. അതേസമയം, ബ്ലാക്ക് വാൾ തീരുമാനത്തിൽ നിന്ന് പുറകോട്ട് പോയതിൽ അണികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നുണ്ട്.
പൗരത്വഭേതഗതി നിയമത്തിലെ പ്രതിഷേധങ്ങൾ തണുപ്പിക്കാൻ അമിത് ഷാ കേരളത്തിലെത്തുന്ന ഈ മാസം 15ന് വെസ്റ്റ്ഹിൽ ഹെലിപാഡ് മുതൽ കോഴിക്കോട്
വിമാനത്താവളം വരെ കറുപ്പ് വസ്ത്രങ്ങളിഞ്ഞ് പ്രതിഷേധിക്കാനായിരുന്നു നേരത്തെ യൂത്ത് ലീഗ് തീരുമാനം. പികെ ഫിറോസ് ഉൾപ്പെടെയുളള നേതാക്കൾ ഫേസ്ബുക്ക് വഴി ഇക്കാര്യം അണികളെ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ബ്ലാക്ക് വാൾ സംഘടിപ്പിക്കാനുളള തീരുമാനം യൂത്ത് ലീഗ് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നില്ല. ഇതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ഇക്കാര്യത്തിലെ അതൃപ്തി യൂത്ത് ലീഗ് നേതാക്കളെ ഇതിനോടകം അറിയിച്ച് കഴിഞ്ഞു. പൗരത്വഭേതഗതിയിൽ പോഷകസംഘടനകൾ പ്രതിഷേധം സംഘടിപ്പിക്കുന്നതിന് മുൻപ് നേതൃത്വത്തെ അറിയിക്കണം. ക്രമസമാധാനപ്രശ്നമുണ്ടായാൽ പഴി കേൾക്കേണ്ടി വരിക മുസ്ലീ ലീഗിനാണ്. അക്രമമാണ് ബിജെപി ലക്ഷ്യമിടുന്നത് അതുകൊണ്ട് തന്നെ പ്രതിഷേധങ്ങൾ കൂടിയാലോചനക്ക് ശേഷം മാത്രമേ സംഘടിപ്പിക്കാവു എന്ന നിലപാടാണ് മുസ്ലിം ലീഗിനുള്ളത്.
എന്നാൽ, മുൻ കൂട്ടി പ്രഖ്യാപിച്ച പരിപാടി പിൻവലിക്കുന്നതിൽ പ്രവർത്തകരിൽ ഒരു വിഭാഗത്തിന് അതൃപ്തിയുള്ളത് ജില്ലാ നേതൃത്വം വഴി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്.
Story high light: amith saha. black wall
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here