ഷാലു വധം; കൊലപാതകികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ട്രാൻസ്ജെൻഡേഴ്സ് പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട് നഗരത്തിൽ ട്രാൻസ്ജെൻഡർ ഷാലു കൊല്ലപ്പെട്ടിട്ട് മാസങ്ങളായിട്ടും കൊലപാതികിയെ പിടികൂടാത്തിൽ പ്രതിഷേധിച്ച് ട്രാൻസ്ജെൻഡേഴ്സ് പ്രക്ഷോഭത്തിലേക്ക്. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ദൃശ്യങ്ങൾ പൊലീസ് പുറത്ത് വിട്ടതൊഴിച്ചാൽ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിന് രാത്രിയാണ് കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനലിന് സമീപം ഷാലുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഷാലുവിൻ്റേതുൾപ്പെടെയുള്ള ട്രാൻസ്ജെൻഡേഴ്സിന്റെ കൊലപാതക കേസുകളിൽ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ചാണ് ഇവർ പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അഞ്ച് ട്രാൻസ്ജെന്ററുകളാണ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്. ഈ കേസുകളിൽ ഒന്നിലും പ്രതികളെ പിടികൂടിയിട്ടില്ല. ഈ സാഹചര്യം ആശങ്കാജനകമാണെന്ന് പുനർജനി കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് സിസിലി ജോർജ് പറഞ്ഞു.
നടക്കാവ് പൊലീസാണ് കേസന്വേഷിക്കുന്നത്. നിരവധി പേരെ ചോദ്യം ചെയ്തിട്ടും കൊലപാതകിയുടെ ദൃശ്യം ലഭിച്ചിച്ചും പിടികൂടാൻ സാധിക്കാത്തത് പൊലീസിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഇതിനിടെ നടന്നു. അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും വിവിധ ട്രാൻസ്ജെൻഡർ സംഘടനകൾ പരാതി നൽകിയെങ്കിലും അന്വേഷണത്തിൽ പുരോഗതി ഉണ്ടായിട്ടില്ല.
Story Highlights: Shalu Murder, Transgenders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here