ധോണി ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു; വെളിപ്പെടുത്തലുമായി രവി ശാസ്ത്രി

മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി ഏകദിനങ്ങളിൽ നിന്ന് ഉടൻ വിരമിക്കുമെന്ന വെളിപ്പെടുത്തലുമായി പരിശീലകൻ രവി ശാസ്ത്രി. ഏകദിനങ്ങളിൽ നിന്ന് വിരമിച്ച് ധോണി ടി-20കളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തയ്യാറെടുക്കുകയാണെന്ന് ശാസ്ത്രി പറഞ്ഞു. സിഎൻഎൻ ന്യൂസ് 18നു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
“ഞാൻ ധോണിയുമായി സംസാരിച്ചിരുന്നു. അദ്ദേഹം ടെസ്റ്റ് കരിയർ നേരത്തെ നിർത്തിയാണ്. ഏകദിന കരിയറും അദ്ദേഹം ഉടൻ അവസാനിപ്പിച്ചേക്കും. അദ്ദേഹം കുറച്ചു നാളുകളായി എല്ലാ ഫോർമാറ്റിലുള്ള ക്രിക്കറ്റും കളിച്ചു കൊണ്ടിരിക്കുകയാണെന്നത് ആളുകൾ ബഹുമാനിക്കണം. ഈ പ്രായത്തിൽ, അദ്ദേഹം ഇനി കളിക്കാൻ സാധ്യതയുള്ളത് ടി-20 ക്രിക്കറ്റാണ്. അതിനർത്ഥം, അദ്ദേഹം ഉടൻ കളി തുടങ്ങി തൻ്റെ ഫോം കണ്ടെത്തണമെന്നതാണ്. ഐപിഎല്ലിൽ അദ്ദേഹം എങ്ങനെ കളിക്കുന്നു എന്ന് നോക്കാം. അങ്ങനെയെങ്കിൽ ടി-20 ലോകകപ്പിൽ അദ്ദേഹം ഉണ്ടാവും”- ശാസ്ത്രി പറഞ്ഞു.
കഴിഞ്ഞ ജൂലായിൽ ന്യൂസിലൻഡിനെതിരെ നടന്ന ലോകകപ്പ് സെമിഫൈനലിലാണ് ധോണി അവസാനമായി ഏകദിന മത്സരം കളിച്ചത്. അതിനു ശേഷം സൈനിക സേവനത്തിനു പോയ ധോണി പിന്നെ ഒരു ഏകദിന മത്സരം പോലും കളിച്ചിട്ടില്ല. ധോണിയെ ഇനി പരിഗണിക്കില്ലെന്ന് സെലക്ടർമാർ വ്യക്തമാക്കിയിരുന്നു. നിലവിൽ മൂന്ന് ഫോർമാറ്റുകളിലും ഋഷഭ് പന്താണ് ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ.
Story Highlights: MS Dhoni, Ravi Sastri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here