ജെഎൻയു വിദ്യാർത്ഥികളുടെ രാഷ്ട്രപതി ഭവൻ മാർച്ച് അക്രമാസക്തമായി

ജെഎൻയു വിദ്യാർത്ഥികൾ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. അതീവ സുരക്ഷാ മേഖലയിലേക്ക് മാർച്ച് നീങ്ങിയതോടെ വിദ്യാർത്ഥിനികളടക്കമുള്ളർക്ക് നേരെ പൊലീസ് ലാത്തിവീശി. മാനവിഭവശേഷി മന്ത്രാലയവുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനു പിന്നാലെയായിരുന്നു വിദ്യാർത്ഥികൾ റോഡിലേക്കിറങ്ങിയത്.
സർവ്വകലാശാല വൈസ് ചാൻസലറെ മാറ്റുക, ഫീസ് വർധനവ് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാനവിഭവശേഷി മന്ത്രാലയത്തിലേക്ക് വിദ്യാർത്ഥികൾ മാർച്ച് നടത്തിയത്. പിന്നീട് യൂണിയൻ അധ്യക്ഷ ഐഷി ഘോഷ് ഉൾപ്പെടെയുള്ളവരുമായി മന്ത്രാലയ സെക്രട്ടറി അമിത് കാരെചർച്ച നടത്തി. ചർച്ച പരാജയപ്പെട്ടതിനു പിന്നാലെ ഐഷി ഘോഷ് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തുന്നതായി പ്രഖാപിച്ചു,
രാഷ്ട്രപതി ഭവനിലേക്കുള്ള ജൻപത് റോഡിലേക്ക് പ്രവേശിച്ച വിദ്യാർത്ഥികളെ പൊലീസ് തടഞ്ഞു.
വിദ്യാർത്ഥികൾ ബലം പ്രയോഗിച്ചതോടെ പൊലീസ്സ് ലാത്തിവീശി. പെൺകുട്ടികളടക്കമുള്ളവരെ വലിച്ചിഴച്ച് നീക്കം ചെയ്തു
മന്ദിമാർഗ് പൊലീസ് സ്റ്റേഷനിലെത്തിച്ച വിദ്യാർത്ഥികളെ പിന്നീട് വിട്ടയച്ചു. പൊലീസ് അകമ്പടിയോടെയാണ് ഇവരെ സർവ്വകലാശാലയിലെത്തിച്ചത്. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ നാളെ തുടർ ചർച്ചകൾ നടത്താൻ മന്ത്രാലയം തീരുമാനിച്ചു. നാളെ വിസി യോട് മന്ത്രാലയത്തിനു മുമ്പാകെ ഹാജരാകാൻ സെക്രട്ടറി അമിത് കാരെ നിർദേശിച്ചു. വിദ്യാർത്ഥികളുമായും ചർച്ച നടത്തും. വിസിയെ നീക്കം ചെയ്ത് മുഖം രക്ഷിക്കാൻ മന്ത്രാലയം ശ്രമിക്കുന്നതായാണ് സൂചന.
Story Highlights: JNU
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here