Advertisement

സംസ്ഥാന വനിത ശിശു വികസന വകുപ്പ് ആവിഷ്‌ക്കരിച്ച ശരണബാല്യം പദ്ധതിക്ക് കേന്ദ്ര അംഗീകാരം

January 10, 2020
Google News 0 minutes Read

ബാലവേല, ബാലഭിക്ഷാടനം, ബാലചൂഷണ, തെരുവ് ബാല്യ വിമുക്ത കേരളത്തിനായി സംസ്ഥാന വനിത ശിശു വികസന വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ ശരണബാല്യം പദ്ധതിക്ക് കേന്ദ്ര അംഗീകാരം ലഭിച്ചു. കേന്ദ്ര വനിത ശിശു വികസന മന്ത്രാലയമാണ് സംസ്ഥാനത്തിന്റെ ശരണബാല്യം പദ്ധതിയെ നൂതനപദ്ധതിയായി അംഗീകരിച്ച് ഇന്നവേഷന്‍ ഗ്രാന്റിന് തെരഞ്ഞെടുത്തത്. ഇതോടൊപ്പം സംസ്ഥാനത്തെ ശിശു സംരക്ഷണ സ്ഥാപനങ്ങള്‍ക്കും ഗ്രാന്റ് അനുവദിച്ചതായും അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലുള്ള ചില്‍ഡ്രന്‍ ഹോമുകള്‍ക്ക് നിര്‍മാണത്തിനുള്ള ഗ്രാന്റും തിരുവനന്തപുരത്തേയും തൃശൂരിലേയും ഒബ്‌സര്‍വേഷന്‍ ഹോമുകള്‍ക്കും പാലക്കാട്ടെ ഒരു ചില്‍ഡ്രന്‍ ഹോമിനും റിനവേഷന്‍ ഗ്രാന്റുമാണ് അനുവദിച്ചിരിക്കുന്നത്.
2017 ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തുടങ്ങിയ പദ്ധതിയാണ് ശരണബാല്യം. ശബരിമല തീര്‍ത്ഥാടന കാലത്ത് ഇതര സംസ്ഥാനത്ത് നിന്ന് കുട്ടികളെ ബാലഭിക്ഷാടനത്തിനായും ബാലവേലക്കായും കൊണ്ടുവരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയില്‍ തുടങ്ങിയ പദ്ധതിയാണിത്.

ബാലവേലയില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍, തെരുവില്‍ അലയുന്നതും ഭിക്ഷ യാചിക്കുന്നതുമായ കുട്ടികള്‍, മനുഷ്യക്കടത്തിനു വിധേയമാകുന്ന കുട്ടികള്‍, സ്‌കൂള്‍ പഠനം ഉപേക്ഷിച്ച കുട്ടികള്‍, തുടര്‍ച്ചയായി സ്‌കൂളില്‍ ഹാജരാകാത്ത കുട്ടികള്‍ എന്നിവരെ കണ്ടെത്തി സംരക്ഷിക്കുകയാണ് ശരണബാല്യത്തിന്റെ ലക്ഷ്യം.

ആദ്യ ഘട്ടത്തില്‍ പത്തനംതിട്ടയ്ക്ക് പുറമേ കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കിയത്. അന്ന് 65 കുട്ടികളെയാണ് മോചിപ്പിച്ചത്. പദ്ധതിയുടെ വിജയത്തെ തുടര്‍ന്ന് 2018ല്‍ ശരണബാല്യം സംസ്ഥാന വ്യാപകമാക്കി. ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകളില്‍ ഒരു റെസ്‌ക്യൂ ഓഫീസറെ വീതം നിയോഗിച്ച് കൊണ്ടാണ് പദ്ധതി സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ നടപ്പിലാക്കിയത്.

ഇതുവരെ 272 കുട്ടികളേയാണ് മോചിപ്പിച്ച് പുനരധിവസിപ്പിച്ചത്. ബാലവേല 51, ഭിക്ഷാടനം 28, തെരുവ് ബാല്യം 44, ഉപേക്ഷിക്കപ്പെട്ടവര്‍ 12, ലൈംഗിക അതിക്രമം 13, ശൈശവ വിവാഹം 1, മനുഷ്യക്കടത്ത് നാല്, ശ്രദ്ധയും പരിചരണവും ആവശ്യമുള്ളവര്‍ 119 എന്നിങ്ങനെയാണ് കുട്ടികളെ മോചിപ്പിച്ച് സംരക്ഷിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here