Advertisement

അണ്ടർ-19 ചതുർരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റ്; ഇന്ത്യക്കു കിരീടം

January 10, 2020
Google News 1 minute Read

അണ്ടര്‍-19 ചതുര്‍രാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യക്കു കിരീടം. ഫൈനലിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 69 റൺസിനു തകർത്താണ് ഇന്ത്യ കിരീടം ചൂടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 259 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 190 റൺസിന് ഓൾ ഔട്ടായി.

ഡർബനിൽ നടന്ന മത്സരത്തിൽ ടോസ് ലഭിച്ച ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു. അത് ശരിവെക്കുന്ന തരത്തിൽ പ്രോട്ടീസ് ബൗളർമാർ തകർത്തെറിഞ്ഞു. ഇന്ത്യയുടെ മുൻനിര തകർന്നടിഞ്ഞതോടെ 13 റൺസിന് ഇന്ത്യയുടെ ആദ്യ മൂന്നു വിക്കറ്റുകൾ കടപുഴകി. യശസ്വി ജയ്സ്വാൾ (0), ദിവ്യാൻഷ് സക്സേന (6), പ്രിയം ഗാർഗ് (2) എന്നീ വിക്കറ്റുകൾ വേഗം നഷ്ടമായതോടെ ഇന്ത്യ പതറി. അവിടെ നിന്ന് തിലക് വർമയും വിക്കറ്റ് കീപ്പർ ധ്രുവ് ജൂറെലും ചേർന്ന കൂട്ടുകെട്ടാണ് ഇന്ത്യയെ കരകയറ്റിയത്. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 164 റൺസ് കൂട്ടിച്ചേർത്തു.

38ആം ഓവറിൽ തിലക് വർമ (70) പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. ശേഷം ഇറങ്ങിയ സിദ്ധേഷ് വീറും മികച്ച കളി പുറത്തെടുടുത്തു. ഇതിനിടെ ധ്രുവ് ജൂറെൽ സെഞ്ചുറി തികച്ചു. 101 റൺസെടുത്ത് ജൂറെൽ പുറത്തായതിനു ശേഷം വാലറ്റത്തെ കൂട്ടുപിടിച്ച് സിദ്ധേഷ് വീർ നടത്തിയ കൂറ്റനടികളാണ് ഇന്ത്യയെ 250 കടത്തിയത്.

മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കക്ക് ഒരു ഘട്ടത്തിൽ പോലും ഇന്ത്യയ്ക്ക് ഭീഷണിയാവാൻ സാധിച്ചില്ല. ഇന്ത്യൻ ബൗളർമാരുടെ കൃത്യതയാർന്ന ബൗളിംഗിനു മുന്നിൽ തകർന്നടിഞ്ഞ ദക്ഷിണാഫ്രിക്ക 43.1 ഓവറിൽ 190 റൺസിന് ഓൾ ഔട്ടായി. 52 റണ്‍സ് നേടിയ ജാക്ക് ലീസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 39 റൺസെടുത്ത ജൊനാഥൻ ബേർഡും ദക്ഷിണാഫ്രിക്കക്കായി തിളങ്ങി. ഇന്ത്യയ്ക്ക് വേണ്ടി അഥര്‍വ അഗര്‍വാള്‍ നാല് വിക്കറ്റ് വീഴ്ത്തി.

സിംബാബ്‌വേ, ന്യൂസിലാന്‍ഡ് എന്നിവരായിരുന്നു ടൂര്‍ണമെന്റിലെ മറ്റു ടീമുകള്‍. കളിച്ച ഒരു മത്സരത്തിലും തോൽക്കാതെയാണ് ഇന്ത്യ ഫൈനലിൽ എത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here