കളിയിക്കാവിളയില്‍ പൊലീസുകാരനെ വെടിവച്ച് കൊലപ്പെടുത്തിയതിന് പിന്നില്‍ പുതിയ തീവ്രവാദ സംഘടനയെന്ന് സംശയം

കളിയിക്കാവിളയില്‍ പൊലീസുകാരനെ വെടിവച്ച് കൊലപ്പെടുത്തിയതിന് പിന്നില്‍ പുതിയ തീവ്രവാദ സംഘടനയെന്ന് സംശയം. തമിഴ്‌നാട് നാഷണല്‍ ലീഗ് എന്ന സംഘടനയെ കേന്ദ്രീകരിച്ചു അന്വേഷണം ആരംഭിച്ചു. അതേ സമയം കേരളത്തിലും തമിഴ്‌നാട്ടിലുമായി പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി.
തമിഴ്‌നാട്ടില്‍ മുന്‍പ് സജീവമായിരുന്ന ചില തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ ചേര്‍ന്ന് രൂപീകരിച്ച പുതിയ സംഘടനയായ തമിഴ്‌നാട് നാഷണല്‍ ലീഗാണ് എഎസ്‌ഐയുടെ കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. സംഭവത്തില്‍ പങ്കെടുത്തുവെന്നു സംശയിക്കുന്ന ചിലരെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒരാഴ്ച മുന്‍പ് ക്യൂ ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. കൂടാതെ തക്കലയിലെ ചില വീടുകളില്‍ പൊലീസ് റെയ്ഡും നടത്തിയിരുന്നു.
ഇതിന് പ്രതികാരമായിട്ടാണ് എഎസ്‌ഐ വില്‍സണെ വിധിച്ചതെന്നാണ് സൂചന. കേസില്‍ പ്രധാന പ്രതികളായ തൗഫീഖിന്റേയും അബ്ദുള്‍ ഷമീമിന്റെയും ജയിലില്‍ കഴിയുന്ന സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ മലയാളികളായ ചിലരെയും ചോദ്യം ചെയ്ത് വരിയാണ്.
കന്യാകുമാരി എസ്പിക്കാണ് കേസന്വേഷണചുമതല. സംയുക്ത അന്വേഷണത്തിന്റെ ഏകോപനത്തിനായി കേരള പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് കേരളത്തില്‍ നിന്ന് എന്തെങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്ന കാര്യം സംഘം അന്വേഷിക്കും. പ്രതികള്‍ രക്ഷപെടാനുപയോഗിച്ച വാഹനങ്ങള്‍ കണ്ടെത്താനായി റോഡരികിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here