ജില്ലാ കളക്ടറുടെയും എംഎൽഎയുടെയും പോരിനിടയിൽപ്പെട്ട് കവളപ്പാറയിലെ പട്ടികവർഗ കുടുംബങ്ങളുടെ പുനരധിവാസം

ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് സർക്കാർ നിർമിച്ച് നൽകുന്ന വീട്ടിലേക്ക് വേഗത്തിൽ മാറാനാകുമെന്ന പ്രതീക്ഷയിലാണ് കവളപ്പാറയിലെ പട്ടികവർഗ കുടുംബങ്ങൾ. ഇവരുടെ പുനരധിവാസം പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കളക്ടറും പിവി അൻവർ എംഎൽഎയും തമ്മിലുള്ള പോരിനിടയിൽപ്പെട്ടിരിക്കുകയാണ്.
Read Also: റീബില്‍ഡ് നിലമ്പൂരിന്റെ പ്രവര്‍ത്തനത്തില്‍ ദുരൂഹത പങ്ക് വച്ച് മലപ്പുറം ജില്ലാ കളക്ടര്‍
എടക്കര ചെമ്പൻകൊല്ലിയിൽ പട്ടികവർഗ ക്ഷേമ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ അഞ്ച് ഏക്കർ 20 സെന്റ് സ്ഥലത്ത് സ്വകാര്യ ബാങ്കിന്റെ ഫണ്ടുപയോഗിച്ചാണ് 34 വീടുകൾ നിർമിക്കുന്നത്. ഈ വീടുകൾ ആർക്ക് നൽകണമെന്നതിലാണ് കളക്ടറും എംഎൽഎയും തമ്മിൽ പ്രധാന തർക്കം.
ജനപ്രതിനിധികളുമായി ആലോചിക്കാതെ കളക്ടർ വീടുകൾ ചളിക്കൽ കോളനിക്കാർക്ക് അനുവദിച്ചുവെന്നാണ് ആരോപണം. വീടുകൾ കവളപ്പാറ ദുരന്തത്തിലെ ഇരകളായ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന 33 ആദിവാസി കുടുംബങ്ങൾക്ക് നൽകണമെന്ന് എംഎൽഎ ആവശ്യപ്പെടുന്നു. അതേസമയം, പോത്തുകല്ല് പഞ്ചായത്തിന് പുറത്തുപോകാൻ തയാറല്ലെന്ന് കവളപ്പാറ നിവാസികൾ നേരത്തെ അറിയിച്ചിരുന്നതായാണ് കളക്ടർ ജാഫർ മാലിക്കിന്റെ വാദം. പോത്തുകല്ല് ഉപ്പട അങ്ങാടിയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള ചെമ്പൻകൊല്ലിയിലേക്ക് മാറാൻ തയാറാണോ എന്ന് ആരും ചോദിച്ചിരുന്നില്ലെന്ന് കവളപ്പാറയിലെ ആദിവാസി കുടുംബങ്ങൾ പറയുന്നു.
ഇതേ പഞ്ചായത്തിലെ ചളിക്കൽ ആദിവാസി കോളനിയിലും പ്രളയത്തിൽ വെള്ളം കയറിയിരുന്നു. എന്നാൽ അടിയന്തരമായി ആളുകളെ മാറ്റിപാർപ്പിക്കേണ്ട സാഹചര്യം അവിടെ നിലവിലില്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെയും എംഎൽഎയുടെയും നിലപാട്.
ചെമ്പൻകൊല്ലിയിൽ നിർമിക്കുന്ന വീടുകൾ കവളപ്പാറക്കാർക്ക് നൽകണമെന്നാവശ്യപ്പെട്ട് എംഎൽഎയുടെ നേതൃത്വത്തിൽ ഇവർ പ്രതിഷേധം നടത്തിയിരുന്നു. വിഷയത്തിൽ പട്ടികവർഗ വകുപ്പും മുഖ്യമന്ത്രിയുടെ ഓഫീസും ഇടപെട്ടതോടെ അനുകൂല തീരുമാനത്തിനായി കവളപ്പാറ ദുരന്തത്തിൽ ഇരകളായ ആദിവാസി കുടുംബങ്ങൾ കാത്തിരിക്കുകയാണ്.
kavalappara. malappuram, p v anwar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here