സൈറസ് മിസ്ത്രിയെ ടാറ്റ സൺസ് ചെയർമാനായി പുനർനിയമിച്ച ഉത്തരവിനെതിരെ രത്തൻ ടാറ്റ സുപ്രിം കോടതിയിൽ

സൈറസ് മിസ്ത്രിയെ ടാറ്റ സൺസ് ചെയർമാനായി പുനർനിയമിച്ച ദേശീയ കമ്പനി നിയമ അപ്പലറ്റ് ട്രിബ്യൂണൽ (എൻസിഎൽഎടി) ഉത്തരവ് ചോദ്യം ചെയ്ത് ടാറ്റ സൺസും രത്തൻ ടാറ്റയും സമർപ്പിച്ച ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും.
ടാറ്റ സൺസ് രണ്ട് ഗ്രൂപ്പുകളുടെ ഉടമസ്ഥതയിലുള്ളതാണെന്ന തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എൻസിഎൽഎടി ഉത്തരവെന്നാണ് രത്തൻ ടാറ്റ സുപ്രിം കോടതിയിൽ നൽകിയിട്ടുള്ള ഹർജിയിലെ വാദം. ടാറ്റ സൺസ് പൊതു കമ്പനിയിൽ നിന്ന് സ്വകാര്യ കമ്പനിയാക്കിയ നടപടി നിയമവിരുദ്ധമാണെന്ന ഉത്തരവ് തിരുത്തണമെന്ന രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ ആവശ്യം ട്രിബ്യൂണൽ തള്ളിയ പശ്ചത്തലത്തിലാണ് ടാറ്റ സൺസും രത്തൻ ടാറ്റയും കോടതിയെ സമീപിച്ചത്.
Read Also: ശബരിമല യുവതീപ്രവേശം; പുതിയ നിലപാടെടുക്കാൻ ദേവസ്വം ബോർഡ് യോഗം ഇന്ന്
ഹർജികളിലെ പ്രധാന വാദം സൈറസ് മിസ്ത്രിയുടെ നിയമനം പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്ന് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നാണ്. പ്രൊഫഷണൽ മികവ് പരിഗണിച്ച് മാത്രമായിരുന്നു നിയമനം. എസ്പി ഗ്രൂപ്പിന്റെ പ്രതിനിധിയായല്ല സൈറസ് മിസ്ത്രി ചെയർമാൻ സ്ഥാനത്തെത്തിയതെന്നും രത്തൻ ടാറ്റ ഹർജിയിൽ ചൂണ്ടിക്കാട്ടി.
മിസ്ത്രിയെ മാറ്റിയതിന് കാരണം ടാറ്റയും ജാപ്പനീസ് കമ്പനിയായ ഡോകോമോയും തമ്മിലുള്ള ഇടപാടിൽ ആർബിട്രേഷൻ ഉത്തരവ് പാലിക്കാതിരുന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ്. ഇത് ടാറ്റയും ഡോകോമോയുമായുള്ള മുൻകരാറിന്റെ ലംഘനമായിരുന്നു. കമ്പനിയുടെ ബ്രാൻഡ് മൂല്യത്തിനും നയത്തിനും നടപടി എതിരായെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ ടാറ്റ സൺസ് സ്വകാര്യ കമ്പനിയാക്കിയ നടപടി നിയമവിരുദ്ധമാണെന്ന ഉത്തരവ് തിരുത്തണമെന്ന രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ ആവശ്യം എൻസിഎൽഎടി തള്ളിയിരുന്നു. ജസ്റ്റിസ് എസ്‌ജെ മുഖോപാധ്യായ അധ്യക്ഷനായ ബെഞ്ച് തങ്ങളുടെ കണ്ടെത്തൽ അന്തിമമല്ലെന്നും സുപ്രിം കോടതിയുടേതായിരിക്കും അവസാന തീരുമാനമെന്നുമാണ് പ്രതികരിച്ചത്.
ratan tata, cyrus mistry, supreme court, tata and sons
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here