എച്ച് 1 എൻ 1; കോഴിക്കോട് കാരശേരിയിൽ 10 ദിവസം നീണ്ടു നിൽക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനം

കോഴിക്കോട് കാരശേരി ഗ്രാമപഞ്ചായത്തിൽ എച്ച് വൺ എൻ വൺ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സർവകക്ഷി യോഗം ചേർന്നു. പത്ത് ദിവസത്തോളം നീണ്ടു നിൽക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ യോഗത്തിൽ തീരുമാനിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊതുപരിപാടികൾ ഒഴിവാക്കാനും വിവാഹം, മതപരമായ ചടങ്ങുകൾ അടക്കമുള്ളവയിൽ പനി ബാധിതർ പോകാതിരിക്കാനുമുള്ള മുൻകരുതലുകൾ സ്വീകരിക്കാനും യോഗത്തിൽ നിർദേശം നൽകി.
കാരസേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പഞ്ചായത്തിലെ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. നാളെ മുതൽ പഞ്ചായത്തിലെ വാർഡുകൾ കേന്ദ്രീകരിച്ച് മുഴുവൻ വീടുകളിലും കയറി വിവരങ്ങൾ ശേഖരിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും യോഗം തീരുമാനിച്ചു. ഇതിനായി വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ അടിയന്തരയോഗം വിളിക്കും. പനിയുള്ളവരുടെ വിവരങ്ങൾ പ്രത്യേകം ശേഖരിക്കും. ഗർഭിണികൾ, കുട്ടികൾ, പ്രായം ചെന്നവർ, രോഗികൾ എന്നിവരെ പ്രത്യേകം നിരീക്ഷിക്കും.
ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ ക്യാംപ് ചെയ്യുന്ന ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ഇവർ ശേഖരിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്യും. പത്ത് ദിവസത്തോളം നീണ്ടു നിൽക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളാണ് യോഗത്തിൽ ആസൂത്രണം ചെയ്തത്.
ഇതുപ്രകാരം തുടർച്ചയായി വീടുകളിൽ കയറി വിവരശേഖരം നടത്തും. ഒരു വീട്ടിൽ തന്നെ ഒന്നിലധികം തവണ കയറും. ഗൃഹ സന്ദർശനത്തിന്റെ ഒന്നാം റൗണ്ട് ഇന്നലത്തോടെ പൂർത്തിയായി. നിലവിൽ പനി ബാധിച്ചവരെ മുക്കം സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ പ്രത്യേകം സജ്ജീകരിച്ച പ്രത്യേക കോൾ സെന്ററിൽ നിന്ന് നിരന്തരം ടെലിഫോണിൽ വിളിച്ച് രോഗസ്ഥിതി നിരീക്ഷിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here