Advertisement

ജയിലുകളെയും കോടതികളെയും ബന്ധിപ്പിച്ച് വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

January 10, 2020
Google News 1 minute Read

സംസ്ഥാനത്തെ ജയിലുകളെയും കോടതികളെയും ബന്ധിപ്പിച്ച് കൊണ്ടുള്ള വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഹൈക്കോടതിയില്‍ നടന്ന ചടങ്ങിലാണ് സംസ്ഥാനത്തെ 53 ജയിലുകളെയും 372 കോടതികളെയും 87 സ്റ്റുഡിയോകള്‍ വഴി ബന്ധിക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്തത്.

വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുറന്ന ജയിലുകളെ നിലവില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളാണ് ആദ്യഘട്ടത്തിലുള്ളത്. രണ്ടാം ഘട്ടമായി എറണാകുളം, തൃശ്ശൂര്‍, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലേക്കും വ്യാപിപ്പിക്കും. 2020 മാര്‍ച്ച് 31നകം സംസ്ഥാനത്തൊട്ടാകെ പദ്ധതി എല്ലാ ജില്ലകളിലും പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. തടവുകാരുടെ വാറണ്ട്, പരാതി തുടങ്ങിയവ ഓണ്‍ലൈനായി അയക്കുന്നതിനുള്ള സ്‌കാനര്‍ സംവിധാനവും നിലവില്‍ വന്നു. ഇവയുടെ പകര്‍പ്പ് സുഗമമായി നല്‍കാനും സാധിക്കും. പൊലീസ് ഉദ്യോഗസ്ഥര്‍ വാറണ്ടുമായി കോടതികള്‍ കയറിയിറങ്ങുന്നതിലെയും കാത്ത് നില്‍ക്കുന്നതിലെയും കാലതാമസവും ഒഴിവാക്കാം. തടവുകാരെ ഇലക്ട്രോണിക് സംവിധാനത്തിലൂടെ ഹാജരാക്കി റിമാന്‍ഡ് കാലാവധി നീട്ടാം. വിചാരണയും ഓണ്‍ലൈനായി നടത്തുന്നത് പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

600 മുതല്‍ 800 വരെ പൊലീസുകാരാണ് പ്രതിദിനം സംസ്ഥാനത്ത് എസ്‌കോര്‍ട്ട് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നത്. അവരുടെ ബത്തയിനത്തില്‍ കോടിക്കണക്കിന് രൂപയാണ് സര്‍ക്കാരിന് ചെലവ്. ഇത് ലാഭിക്കാനും ഒരേ ദിവസം ഒന്നിലധികം കേസുകളില്‍ ഹാജരാകേണ്ട തടവുകാരെ നിഷ്പ്രയാസം ഹാജരാക്കാന്‍ പുതിയ പദ്ധതി വഴി സാധിക്കും. രോഗബാധിതരും യാത്ര ചെയ്യാനാവാത്തതുമായ തടവുകാരെയും തീവ്രവാദികള്‍ അടക്കമുള്ള തടവുകാരെയും പുറത്ത് കൊണ്ടു പോകുമ്പോഴുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. ഇത്തരത്തിലുള്ള വീഡിയോ പിന്നീട് കേസ് സംബന്ധമായി പരിശോധനക്ക് ലഭ്യമാക്കാവുന്നതുമാണ്.

കുറ്റവും ശിക്ഷയും സംബന്ധിച്ച് പൊതുജനാഭിപ്രായം മാറി വരുന്ന കാലഘട്ടമാണിതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ജയിലിനെക്കുറിച്ചുള്ള കാഴ്ച്ചപ്പാടു തന്നെ മാറി വരുന്നു. സുരക്ഷാ പാലനത്തില്‍ വീഴ്ച വരുത്താതെ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ജയിലുകളില്‍ മെറ്റല്‍ ഡിറ്റക്ടര്‍ അടക്കമുള്ളവ സ്ഥാപിക്കുന്നതിനുള്ള ഭരണാനുമതി നല്‍കിക്കഴിഞ്ഞു. ഇ- പ്രിസണ്‍ സോഫ്റ്റ് വെയര്‍, സിസിടിവി, ഇലക്ട്രോണിക് ഫെന്‍സിങ് തുടങ്ങിയവ നടപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.
25 കോടി രൂപ വിനിയോഗിച്ച് കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ ബിഎസ്എന്‍എല്‍, യുണൈറ്റഡ് ടെലികോം ലിമിറ്റഡ്, പീപ്പിള്‍ ലിങ്ക്, സംസ്ഥാന ഐടി മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.

 

Story Highlights- Videoconferencing system,  jails and courts, kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here