ഗാനഗന്ധർവന് ഇന്ന് എൺപതാം പിറന്നാൾ

മലയാളത്തിന്റെ സ്വന്തം ഗാനഗന്ധർവന് ഇന്ന് എൺപതാം പിറന്നാൾ. കേരളത്തിന്റെ അഭിമാനമായ യേശുദാസ് പാടാത്ത ഭാഷകൾ ഇന്ന് ഇന്ത്യയിൽ കുറവ്. മലയാളികൾക്ക് ഇന്നും ഗൃഹാതുരത്വമുണർത്തുന്ന പാട്ടുകൾക്ക് ദാസേട്ടന്റെ സ്വരം വേണം. ഒൻപതാം വയസിൽ ആലാപന രംഗത്തെത്തിയ യേശുദാസ് എൺപതാം വയസിലെത്തി നിൽക്കുമ്പോഴും മലയാള ചലച്ചിത്ര സംഗീത ലോകത്തിന്റെ ഉച്ചസ്ഥായിയിലാണ്.
പിറന്നാൾ ദിനം പതിവുപോലെ മൂകാംബിക ക്ഷേത്ര സന്നിധിയിൽ കുടുംബാംഗങ്ങൾക്കൊപ്പം ദാസേട്ടൻ ചെലവഴിക്കുന്നു. ഗായകൻ ഗാനാർച്ചന ദേവിക്ക് പിറന്നാൾ നിവേദ്യമായി അർപ്പിക്കും.
അർപ്പണത്തിന്റെയും നിശ്ചയദാർഡ്യത്തിന്റെയും തെളിവാണ് മലയാളത്തിന്റെ ഗാനഗന്ധർവന്റെ സംഗീത ജീവിതം. 1940 ജനുവരി പത്തിന് ഫോർട്ട് കൊച്ചിയിൽ പ്രശസ്ത നടനും ഗായകനുമായ അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും അഞ്ച് മക്കളിൽ ആദ്യത്തെ സന്തതിയായി ജനനം. ആദ്യ ഗുരു അച്ഛനായിരുന്നു. എട്ടാം വയസിൽ പ്രാദേശിക സംഗീതമത്സരത്തിൽ സ്വർണപതക്കം സ്വന്തമാക്കിയായിരുന്നു സംഗീതസപര്യയുടെ തുടക്കം.
തുടർന്നുള്ള സംഗീത പഠനം കരുവേലിപ്പടിക്കൽ കുഞ്ഞൻ വേലു ആശാൻ, പള്ളുരുത്തി രാമൻ കുട്ടി ഭാഗവതർ തുടങ്ങിയവരുടെ ശിക്ഷണത്തിലായിരുന്നു. പിന്നീട് 1960ൽ തൃപ്പൂണിത്തുറ ആർഎൽവി അക്കാദമിയിൽ നിന്ന് ഒന്നാം റാങ്കോടെ ഗാനഭൂഷണം കരസ്ഥമാക്കി. തുടർന്ന് സംഗീതഭൂഷണത്തിന് തിരുവിതാംകൂർ സ്വാതി തിരുനാൾ അക്കാദമിയിൽ ചേർന്നു. അക്കാദമി പ്രിൻസിപ്പലായിരുന്ന ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ പ്രസിദ്ധ സംഗീതജ്ഞൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യത്വത്തിന് വഴി തെളിച്ചു. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല യേശുദാസിന്, എം ബി ശ്രീനിവാസന്റെ ഈണമിട്ട്, ‘കാൽപാടുകൾ’ എന്ന സിനിമയിൽ ശ്രീ നാരായണ ഗുരുവിന്റെ വിശ്വ പ്രസിദ്ധമായ വരികൾ, ജാതി ഭേദം മത ദ്വേഷം… പാടി ചലച്ചിത്ര ലോകത്തേക്ക് ആദ്യ ചുവട്. പിന്നീട് മലയാള സിനിമയിൽ യേശുദാസ് കാലഘട്ടമായിരുന്നു. ശരാശരി മലയാളിയുടെ ദൈനംദിന ജീവിതത്തിന്റെ തന്നെ ഭാഗമായി മാറി യേശുദാസിന്റെ ശബ്ദം. വയലാർ, പി ഭാസ്കരൻ, ഒഎൻവി, ജി ദേവരാജൻ, ദക്ഷിണാമൂർത്തി, കെ രാഘവൻ, എംഎസ് ബാബുരാജ്, ശ്രീകുമാരൻ തമ്പി, എംകെ അർജുനൻ തുടങ്ങിയ പ്രതിഭകളുടെ മനോഹരമായ എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങൾ ദാസേട്ടൻ പാടി. മലയാളത്തിന്റെ ഒരേയൊരു യേശുദാസ് പാടിതെളിഞ്ഞ കാലഘട്ടമായിരുന്നു അറുപതുകളും എഴുപതുകളും. മലയാളിയുടെ ഗാനലയമായി മാറിക്കഴിഞ്ഞിരുന്നു എൺപതുകളിലും തൊണ്ണൂറുകളിലും ദാസേട്ടൻ, പകരം വയ്ക്കാൻ ആരുമില്ലാത്ത ഗാനസ്വരൂപം.
മറ്റ് ഗായകർക്കെല്ലാം മുകളിൽ, കേൾക്കുന്നവരെ പാട്ടിന്റെ ദേവലോകത്തെത്തിക്കാൻ യേശുദാസിന് കഴിഞ്ഞു. വേറെ ആർക്കാണ് മലയാളി ഗാനഗന്ധർവനെന്ന പട്ടം ചാർത്തി നൽകുക? മലയാൡകളുടെ എക്കാലത്തെയും സ്വകാര്യ അഹങ്കാരം തന്നെയാണ് യേശുദാസ്.
kj yesudas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here