പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; ഇന്ന് പ്രധാന മന്ത്രിയെ വഴി തടയാൻ കൊൽക്കത്തയിലെ ഇടത് സംഘടനകൾ

പ്രധാനമന്ത്രിയെ കൊൽക്കത്തയിൽ വഴി തടയാൻ ആഹ്വാനം ചെയ്ത് ഇടത് സംഘടനകൾ. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം നരേന്ദ്രമോദിയെ അറിയിക്കാനാണ് വഴി തടയൽ. പതിനേഴ് ഇടത് പാർട്ടികളും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന വിവിധ ഗ്രൂപ്പുകളുമാണ് വഴി തടയാൻ ആഹ്വാനം കൊടുത്തിരിക്കുന്നത്. പ്രധാനമന്ത്രിയെ കൊൽക്കത്ത തൊടാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ പറയുന്നു.
ഇന്നും നാളെയുമായി നാല് പരിപാടികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. മോദിയെത്തുമ്പോൾ വിമാനത്താവളം വളയാനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് വൈകിട്ടാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി മോദി കൊൽക്കത്തയിലെത്തുക. ബേലൂർ മഠവും പ്രധാനമന്ത്രി സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Read Also: മാപ്പ് പറഞ്ഞ് ബിജെപി പ്രവർത്തകൻ; പി ജയരാജനെതിരായ വധഭീഷണി കേസ് ഒത്തുതീർത്തു
പ്രതിഷേധം കണക്കിലെടുത്ത് വിമാവനത്താവളത്തിൽ നിന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ പോകാനാണ് പ്രധാനമന്ത്രിയുടെ നീക്കം. ഇതിനായി ഹെലികോപ്റ്റർ തയാറാക്കി നിർത്തുമെന്നാണ് വിവരം. നേരത്തെ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ അസം സന്ദർശനം റദ്ദാക്കിയിരുന്നു.
അതേസമയം പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധമറിയിച്ച് മധ്യപ്രദേശ് ന്യൂനപക്ഷ സെൽ സെക്രട്ടറി രാജി വച്ചു. നിയമ ഭേദഗതി മുസ്ലിം മതവിഭാഗത്തിനെതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് അക്രം ഖാന്റെ രാജി വയ്ക്കൽ. നേരത്തെ നിയമ ഭേദഗതിയെ പശ്ചിമ ബംഗാൾ ബിജെപി ഉപാധ്യക്ഷൻ ചന്ദ്രകുമാർ ബോസും വിമർശിച്ചിരുന്നു.
anti caa protest, modi, left organisations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here