ഓസ്ട്രേലിയൻ കാട്ടുതീ; വിശന്നു വലഞ്ഞ മൃഗങ്ങൾക്ക് ഹെലികോപ്ടറിൽ ഭക്ഷണമെത്തിച്ച് ഭരണകൂടം

ഓസ്ട്രേലിയൻ കാട്ടുതീ ശമിക്കപ്പെട്ട് ജീവിതം പഴയ പടി ആയിത്തുടങ്ങുന്ന സമയമാണിത്. ഹെക്ടർ കണക്കിന് വനഭൂമി കത്തിനശിച്ച് ഒട്ടേറെ ജീവജാലങ്ങൾക്ക് ജീവൻ നഷ്ടമായിരുന്നു. കാട്ടു തീ താണ്ഡവമാടിയതു കൊണ്ട് തന്നെ അതിൽ നിന്ന് രക്ഷപ്പെട്ട ജീവി വർഗങ്ങൾക്ക് ഭക്ഷിക്കാനുള്ള ഭക്ഷണമൊക്കെ വളരെ കുറവാണ്. പ്രതീക്ഷയുടെ നാമ്പുകൾ മുള പൊട്ടിത്തുടങ്ങിയിട്ടേയുള്ളൂ. ജീവജാലങ്ങൾ പട്ടിണിയാവരുതെന്ന ലക്ഷ്യത്തോടെ ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് ഭരണകൂടം ഹെലികോപ്ടറിൽ ഭക്ഷണമെത്തിച്ചു കൊടുക്കുന്ന മനോഹരമായ കാഴ്ചയാണ് ഏറ്റവും അവസാനമായി പ്രതീക്ഷ നൽകുന്നത്.
ഹെലികോപ്ടർ കാടുകൾക്ക് മുകളിലൂടെ പറപ്പിച്ച്, പതിനായിരക്കണക്കിന് കിലോ ക്യാരറ്റും മധുരക്കിഴങ്ങുമൊക്കെയാണ് അവർ താഴേക്കിട്ടത്. ന്യൂ സൗത്ത് വെയിൽസിലെ ദേശീയ പാർക്കുകളും വന്യജീവി വിഭാഗവും ചേർന്നാണ് ഇത്തരമൊരു ഓപ്പറേഷനു ചുക്കാൻ പിടിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ പലയിടങ്ങളിയായി ഇവർ നിക്ഷേപിച്ചത് 2200 കിലോ ഭക്ഷ്യവർഗങ്ങളാണ്.
വന്യജീവി സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ ഭക്ഷ്യ വർഗങ്ങളും പച്ചക്കറികളും ശേഖരിച്ച് ഭരണകൂടത്തെ ഏല്പിക്കുന്നുണ്ട്.
പടർന്നുപിടിച്ച കാട്ടുതീയിൽ 28 പേർക്ക് ജീവൻ നഷ്ടമാകുകയും ആയിരക്കണക്കിന് വീടുകൾ നശിക്കുകയും ചെയ്തിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് വീട് വിട്ട് മറ്റിടങ്ങളിലേയ്ക്ക് പലായനം ചെയ്തത്. അതിനുമപ്പുറമായിരുന്നു ജീവി വർഗങ്ങൾക്കുണ്ടായ നാശം. 20000ലധികം കൊവാലകളും ഒട്ടേറെ കംഗാരുക്കളും തീപ്പിടുത്തതിൽ ജീവൻ വെടിഞ്ഞിരുന്നു.
Story Highlights: Australian Bush fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here