ഹർദ്ദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് വൈകും; ഇന്ത്യ എ ടീമിൽ നിന്നു പുറത്ത്

ഇന്ത്യൻ ടീമിലേക്കുള്ള ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് വൈകും. ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ ഉൾപ്പെട്ടിരുന്ന താരത്തെ ടീമിൽ നിന്ന് പുറത്താക്കിയതോടെയാണ് അതിലൂടെ ദേശീയ ടീമിലേക്ക് തിരികെയെത്താമെന്ന പാണ്ഡ്യയുടെ പ്രതീക്ഷയ്ക്ക് തിരിച്ചടി നേരിട്ടത്. പാണ്ഡ്യക്ക് പകരം വിജയ് ശങ്കറെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പാണ്ഡ്യയുടെ പേഴ്സണൽ ട്രെയിനർ എസ് രജനികാന്തിൻ്റെ നിർദ്ദേശ പ്രകാരമാണ് താരത്തെ ടീമിൽ നിന്ന് മാറ്റിയത്. പാണ്ഡ്യയുടെ ബാറ്റിംഗ് ഓക്കെയാണെങ്കിലും ബൗളിംഗ് അല്പം കൂടി മെച്ചപ്പെടുത്താനുണ്ടെന്നും അതുകൊണ്ടാണ് ടീമിൽ നിന്ന് പിൻവലിക്കുന്നതെന്നും രജനികാന്ത് പറഞ്ഞു. നേരത്തെ ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടതു കൊണ്ടാണ് പാണ്ഡ്യയെ മാറ്റിയതെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. അത് രജനികാന്ത് തള്ളി.
“അവൻ 100 ശതമാനം മാച്ച് ഫിറ്റാണ്. അതിൽ യാതൊരു സംശയവുമില്ല. പക്ഷേ, തുടരെത്തുടരെ രാജ്യാന്തര മത്സരങ്ങൾ കളിപ്പിച്ച് അവൻ്റെ ജോലിഭാരം വർധിപ്പിക്കണ്ടെന്നു ഞാൻ കരുതുന്നു. ഇതുവരെ പാണ്ഡ്യക്ക് ഒരു ഫിറ്റ്നസ് ടെസ്റ്റും നടത്തിയിട്ടില്ല. ഒരു ടെസ്റ്റിലും പാണ്ഡ്യ പരാജയപ്പെട്ടിട്ടില്ല. അവന് ഇപ്പോൾ യോയോ ടെസ്റ്റിൽ 20 സ്കോർ ചെയ്യാനാവും. ബൗളിംഗ് കാരണമാണ് അവനെ ഞാൻ ടീമിൽ നിന്നു പിൻവലിച്ചത്. അതിലുള്ള ജോലി ഇപ്പോഴും നടക്കുകയാണ്.”- രജനികാന്ത് പറഞ്ഞു.
കഴിഞ്ഞ സെപ്തംബറിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടി-20 മത്സരത്തിലാണ് പാണ്ഡ്യ അവസാനമായി കളിച്ചത്. അതിനു ശേഷം പരുക്കു പറ്റി പാണ്ഡ്യ പുറത്തായിരുന്നു. ഈ മാസം 24നാണ് ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനം ആരംഭിക്കുന്നത്. അഞ്ച് ടി-20 മത്സരങ്ങളും, 3 ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും ഇന്ത്യ ന്യൂസിലൻഡിൽ കളിക്കും.
Story Highlights: Hardik Pandya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here