അങ്കണവാടി വര്‍ക്കര്‍മാരുടെ ഭവന സന്ദര്‍ശനത്തിന് പൗരത്വ രജിസ്റ്ററുമായി ബന്ധമില്ല: മന്ത്രി കെ കെ ശൈലജ

അങ്കണവാടി വര്‍ക്കര്‍മാര്‍ നടത്തുന്ന ഭവന സന്ദര്‍ശനത്തിന് പൗരത്വ രജിസ്റ്ററുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. അമ്മമാരിലും കുട്ടികളിലും ഉണ്ടാകുന്ന പോഷണക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വനിത ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് അങ്കണവാടി കുടുംബ സര്‍വേ ആരംഭിച്ചത്. ഈ സര്‍വേയുമായി ബന്ധപെട്ട് ചില കോണുകളില്‍ നിന്നും തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങള്‍ പ്രചരിക്കുന്നതായും മന്ത്രി പറഞ്ഞു.
അങ്കണവാടി വര്‍ക്കര്‍മാര്‍ നടത്തുന്ന ഭവന സന്ദര്‍ശനം പൗരത്വ രജിസ്റ്ററുമായി യാതൊരുവിധ ബന്ധവുമില്ല. പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കില്ലെന്ന തീരുമാനമെടുത്ത ആദ്യ സംസ്ഥാനമാണ് കേരളം. മാത്രമല്ല പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ത്യയില്‍ ആദ്യമായി നിയമസഭ പ്രമേയം പാസാക്കുകയും ചെയ്തു.
നാളിതുവരെ അങ്കണവാടി വര്‍ക്കര്‍മാര്‍ നടത്തിയിരുന്ന ഭവന സന്ദര്‍ശനവും വിവര ശേഖരണവും കുറച്ചുകൂടി കാര്യക്ഷമമാക്കി അതിന്റെ പ്രയോജനം വേഗത്തില്‍ ജനങ്ങളിലെത്തിക്കാനാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ അങ്കണവാടി കുടുംബ സര്‍വേ നടത്തുന്നത്. ഇതില്‍ ജാതിയോ മതമോ ചേര്‍ക്കണമെന്ന് നിര്‍ബന്ധമില്ല. അതിനാല്‍ തന്നെ തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here