ലൈഫ് പദ്ധതി കളമശേരി നഗരസഭ നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ച് കുടില്‍കെട്ടി സമരം

സര്‍ക്കാര്‍ ആരംഭിച്ച ലൈഫ് പദ്ധതി കളമശേരി നഗരസഭ നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ച് കുടില്‍കെട്ടി സമരം. 444 അപേക്ഷകരാണ് പദ്ധതി കാത്ത് കഴിയുന്നത്. എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും അപേക്ഷകരും ചേര്‍ന്നാണ് സമരം നടത്തുന്നത്.
ഭവന രഹിതര്‍ക്ക് വീട് നല്‍കുന്ന ലൈഫ് പദ്ധതി കളമശേരി നഗരസഭ അട്ടിമറിക്കുന്നു എന്ന് ആരോപിച്ചാണ് നഗരസഭയുടെ പുറമ്പോക്ക് ഭൂമിയില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും അപേക്ഷകരും ചേര്‍ന്ന് കുടില്‍ കെട്ടി സമരം ആരംഭിച്ചത്. പുറമ്പോക്ക് ഭൂമിയായ അഞ്ചേക്കര്‍ സ്ഥലം ലൈഫ് പദ്ധതിക്കായി വിനിയോഗിക്കാതെ കണ്‍വെന്‍ഷന്‍ സെന്റര്‍ പടുത്തുയര്‍ത്താനാണ് നഗരസഭയുടെ തീരുമാനമെന്ന് അപേക്ഷകര്‍ പറയുന്നു.
444 പേര്‍ക്കു വീടു നല്‍കാന്‍ അനുമതി ലഭിച്ചു എങ്കിലും സ്ഥലം ഇല്ല എന്ന് പറഞ്ഞാണ് നഗരസഭ പദ്ധതി വൈകിപ്പിക്കുന്നതെന്നാണ് ആരോപണം. സ്ഥലം അനുവദിക്കുന്നത് വരെ പുറമ്പോക്ക് ഭൂമിയില്‍ കുടില്‍കെട്ടി കഴിയാനാണ് അപേക്ഷകരുടെ തീരുമാനം. അതേ സമയം സമരത്തിന് അനുമതി നല്‍കരുത് എന്ന് ആവശ്യപ്പെട്ട് നഗരസഭ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here