രഞ്ജി ട്രോഫി: കേരളം 136നു പുറത്ത്; പഞ്ചാബിന് 144 റൺസ് വിജയലക്ഷ്യം

കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ പഞ്ചാബിന് 144 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൻ്റെ ആദ്യ സെഷനിൽ തന്നെ 136 റൺസെടുത്ത് കേരളം പുറത്തായി. പഞ്ചാബിനായി സിദ്ധാർത്ഥ് കൗൾ അഞ്ചും ഗുർകീരത് സിംഗ് മാൻ നാലും വിക്കറ്റുകൾ വീതം വീഴ്ത്തി. 31 റൺസെടുത്ത അക്ഷയ് ചന്ദ്രനാണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ. സൽമാൻ നിസാർ 28 റൺസെടുത്ത് പുറത്താവാതെ നിന്നു.
മൂന്നാം ദിനം ആരംഭിക്കുമ്പോൾ കേരളം രണ്ടാം ഇന്നിംഗ്സിൽ 88/5 എന്ന നിലയിലായിരുന്നു. 20 റൺസ് കൂടി ചേർക്കുമ്പോഴേക്കും കേരളത്തിന് ആറാം വിക്കറ്റ് നഷ്ടമായി. 27 റൺസെടുത്ത അസ്‌ഹറുദ്ദീനെ സിദ്ധാർത്ഥ് കൗൾ ക്ലീൻ ബൗൾഡാക്കി. വാലറ്റത്തിനെ ചുരുട്ടിക്കെട്ടി ബാക്കി നാലു വിക്കറ്റുകൾ കൂടി കൗൾ തന്നെ സ്വന്തമാക്കി. ജലജ് സക്സേന (4), സിജോമോൻ ജോസഫ് (0), നിധീഷ് എംഡി (4), ബേസിൽ തമ്പി (0) എന്നിവർ കൗളിനു മുന്നിൽ വേഗം കീഴടങ്ങി. 136ന് കേരളം ഓൾ ഔട്ടാകുമ്പോൾ ആദ്യ ഇന്നിംഗ്സിലെ പോലെ രണ്ടാം ഇന്നിംഗ്സിലും സൽമാൻ നിസാർ (28) പുറത്താവാതെ നിന്നു.
രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് ഒരു വിക്കറ്റ് നഷ്ടത്തിൽ 17 റൺസെടുത്തിട്ടുണ്ട്. ഓപ്പണർ രോഹൻ മർവഹയെ ജലജ് സക്സേന പുറത്താക്കി. സൻവീർ സിംഗ് (16), ഗുർകീരത് സിംഗ് (0) എന്നിവരാണ് ക്രീസിൽ. ഇനി 129 റൺസ് കൂടിയാണ് പഞ്ചാബിനു വിജയിക്കാൻ വേണ്ടത്.
Story Highlights: Ranji Trophy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here