കരിങ്കല്‍ ഖനനത്തിന് പാരിസ്ഥിതികാനുമതി; സംസ്ഥാന വിലയിരുത്തല്‍ സമിതി കോഴിക്കോട് ചെങ്ങോട്ടുമല സന്ദര്‍ശിച്ചു

കരിങ്കല്‍ ഖനനത്തിന് പുതിയ പാരിസ്ഥിതികാനുമതി നല്‍കുന്നതിനായി സംസ്ഥാന വിലയിരുത്തല്‍ സമിതി കോഴിക്കോട് ചെങ്ങോട്ടുമല സന്ദര്‍ശിച്ചു. അതെ സമയം പരിശോധനയ്ക്കെതിരെ ചെങ്ങോട്ടുമല ആക്ഷന്‍ കൗണ്‍സില്‍ രംഗത്ത് എത്തി. പരാതിക്കാരെ അറിയിക്കാതെയാണ് പരിശോധനാസംഘം എത്തിയതെന്നാണ് ആരോപണം.
പാരിസ്ഥിതികാനുമതി തേടി സംസ്ഥാനതല അപ്രൈസല്‍ കമ്മറ്റിക്കുമുമ്പാകെ ഡെല്‍റ്റ ഗ്രൂപ്പ് നല്‍കിയ അപേക്ഷയിലാണ് കഴിഞ്ഞ ദിവസം ചെങ്ങോട്ടുമലയില്‍ പരിശോധന നടന്നത്. സിയാകില്‍ നിന്നുള്ള രണ്ടംഗ സംഘമാണ് പരിശോധനയ്ക്കെത്തിയത്. പഞ്ചായത്ത് പ്രതിനിധികളും ഖനനവിരുദ്ധ സമരസമിതി പ്രവര്‍ത്തകരും പരിശോധനാസംഘത്തെ കാത്തുനിന്നെങ്കിലും ഇവരെ കാണാനോ സംസാരിക്കാനോ ഉദ്യാഗസ്ഥര്‍ തയാറായില്ലെന്നാണ് ആരോപണം.
നേരത്തെ ക്വാറി കമ്പനിക്ക് ലഭിച്ച പാരിസ്ഥിതികാനുമതി ജില്ലാ കളക്ടര്‍ മരവിപ്പിച്ചിരുന്നു. കൂടാതെ പാരിസ്ഥിതികാനുമതിക്കെതിരെ സമരസമിതി ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയുടെ വിചാരണ നടക്കുന്നതിനെതിരെ ആ പരിസ്ഥിതികാനുമതി ഇനി ഉപയോഗിക്കില്ലെന്ന് ക്വാറി കമ്പനി സ്ത്യവാങ്മൂലം നല്‍കിയിരുന്നു. തുടര്‍ന്നാണ് സംസ്ഥാന പാരിസ്ഥിതികാഘാത നിര്‍ണയ സമിതിക്ക് വീണ്ടും അപേക്ഷ നല്‍കിയത്.
അതെ സമയം ഡെല്‍റ്റ പാരിസ്ഥിതികാനുമതിക്ക് വീണ്ടും അപേക്ഷ നല്‍കിയതറിഞ്ഞ് ഭരണസമിതി സംസ്ഥാനതല സമിതിക്ക് നിലപാട് വിശദീകരിച്ച് കത്ത് നല്‍കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here