ജെഎൻയു ഫീസ് വർധനവിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാർത്ഥി യൂണിയൻ

ജെഎൻയുവിലെ ഫീസ് വർധനവിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാർത്ഥി യൂണിയൻ. ഇന്ന് ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം.
സർവകലാശാലയിലെ വിവിധ വകുപ്പുകളുടേയും സെന്ററുകളുടേയും ജനറൽ ബോഡി മീറ്റിംഗിലാണ് പുതുക്കിയ ഫീസ് വർധനവിനെതിരെ കോടതിയെ സമീപിക്കുമെന്ന് വിദ്യാർത്ഥി യൂണിയൻ ഉറപ്പ് നൽകിയത്. ഫീസ് വർധനവ് കൂടാതെ പരിഷ്‌കരിച്ച ഹോസ്റ്റൽ മാനുവിൽ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുക. നാളെ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകാനാണ് സാധ്യത. അതിനിടെ ഇതുവരെ ഉണ്ടായ രജിസ്‌ട്രേഷൻ വിവരങ്ങൾ സർവകലാശാല അധികൃതർ പുറത്തുവിട്ടു.
വിദ്യാർത്ഥികളുടെ രജിസ്‌ട്രേഷൻ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. എന്നാൽ പുറത്തുവിട്ട കണക്കിൽ വർധനവ് ഇല്ലായെന്ന് വിദ്യാർത്ഥി യൂണിയൻ ആരോപിച്ചു. അതിനിടെ ജനുവരി 5 ന് നടന്ന അക്രമവുമായി ബന്ധപ്പെട്ട് ദൃശ്യങ്ങൾ സൂക്ഷിക്കണമെന്ന് വാട്‌സാപ്പിനും ഗൂഗിളിനും ഡൽഹി ഹൈക്കോടതി നിർദേശം നൽകി.
ഡൽഹി പൊലീസ് ആവശ്യപ്പെട്ട ദൃശ്യങ്ങൾ എത്രയും പെട്ടെന്ന് കൈമാറാനും ജെഎൻയു രജിസ്ട്രാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. വിവര സംരക്ഷണത്തിനായി യുണൈറ്റഡ് എഗെയ്ൻസ്റ്റ് ലെഫ്റ്റ് ഗ്രൂപ്പിലെയും ഫ്രണ്ട്‌സ് ഓഫ് ആർഎസ്എസ് ഗ്രൂപ്പിലെയും തിരിച്ചറിഞ്ഞവരുടെ പേരുടെ ഫോണുകൾ കണ്ടുകെട്ടാനുള്ള നിർദേശവും ഇതോടൊപ്പം നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here