ചേളന്നൂർ എസ്എൻ കോളജിലെ സമരം; വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട് ചേളന്നൂര്‍ എസ്എൻ കോളേജില്‍ പ്രിന്‍സിപ്പലിനെ പൂട്ടിയിട്ട് സമരം ചെയ്ത വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോളജ് യൂണിയൻ ചെയർമാൻ ഉൾപ്പെടെ 10 വിദ്യാർഥികളെ ആണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അധ്യാപകനെ പുറത്താക്കിയതിൽ വിദ്യാർത്ഥികളുമായി ചർച്ചയ്ക്കില്ലന്ന നിലപാടിലാണ് പ്രിൻസിപ്പൽ.
ചേളന്നൂർ എസ്എൻ കോളജിലെ ഇംഗ്ലീഷ് വിഭാഗം താൽകാലിക അധ്യാപകനായ മുഹമ്മദ് സാഹിലിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ചായിരുന്നു വിദ്യാർഥികളുടെ സമരം. പിജി ഒന്നാം വർഷ ക്ലാസിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുത്തിയതിനെ തുടർന്നായിരുന്നു അധ്യാപകനെ പിരിച്ചു വിട്ടത്. അധ്യാപകനെ തിരിച്ചെടുക്കണം എന്ന ആവശ്യവുമായാണ് വിദ്യാർത്ഥികൾ പ്രിൻസിപ്പൽ ദേവിപ്രിയയെ ഉപരോധിച്ചത്.
രാവിലെ തുടങ്ങിയ ഉപരോധം വൈകിട്ടും തുടർന്നതോടെ യൂണിയൻ ചെയർമാൻ ഉൾപ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു നീക്കി.
എന്നാൽ അധ്യാപകന് വിദ്യാർഥികളെ നിയന്തിക്കാൻ കഴിയാത്തതിനാലാണ് പിരിച്ചുവിട്ടതെന്നാണ് പ്രിൻസിപ്പലിന്റെ പക്ഷം. തനിക്കെതിരെ ഉള്ള ആരോപണങ്ങളിൽ കഴമ്പില്ലന്നും വിദ്യാർത്ഥികളുടെ സമരം അനാവശ്യമാണെന്നും ഡോ ദേവിപ്രിയ പറഞ്ഞു. അതേ സമയം പ്രിൻസിപ്പലിന്റെ നിലപാടിൽ പ്രതിഷേധിച്ചു സമരം ശക്തമാക്കുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
ഇതേ കോളജിലെ വനിതാ ഹോസ്റ്റലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തടഞ്ഞതിനെതിരെ നേരത്തെ ഹൈക്കോടതി ഇടപെടൽ ഉണ്ടായിരുന്നതും ചർച്ചയായിരുന്നു. ഇൻ്റർനെറ്റ് മൗലികാവകാശമാണെന്ന് നിരീക്ഷിച്ച കോടതി മൊബൈൽ ഫോൺ വിലക്കിയ നടപടി റദ്ദാക്കിയിരുന്നു.
കോഴിക്കോട് ചേളന്നൂർ ശ്രീനാരായണഗുരു കോളേജിലെ ബിരുദ വിദ്യാർത്ഥിനി ഫഹീമ ഷിറിനാണ് വിഷയം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്. പഠനസഹായിയായ ഒട്ടേറെ വിവരങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാണെന്ന് പരാതിക്കാരി ഹർജിയിൽ വ്യക്തമാക്കിയിരുന്നു. വൈകുന്നേരം ഹോസ്റ്റലിലെ ഫോൺ നിയന്ത്രണം പഠനത്തെ ബാധിക്കുമെന്നും വനിതാ ഹോസ്റ്റലിൽ മാത്രമാണ് ഈ നിയന്ത്രണമെന്നും ഇത് സ്ത്രീകളോടുള്ള വിവേചനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Story Highlights: College, Kerala Police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here