കുട്ടികള്‍ക്കെതിരായ ലൈംഗീക അതിക്രമങ്ങള്‍ തടയാന്‍ പൊലീസിന്റെ ‘മാലാഖ’

കുട്ടികള്‍ക്കെതിരെ ഉണ്ടാകുന്ന ലൈംഗീക അതിക്രമങ്ങള്‍ തടയുന്നതിന് ‘മാലാഖ’ എന്ന പേരില്‍ ബോധവത്കരണ പരിപാടികള്‍ക്ക് കേരള പൊലീസ് രൂപം നല്‍കി. രണ്ടര മാസം നീളുന്ന ഈ പദ്ധതിയിലൂടെ കുട്ടികളുടെ സുരക്ഷയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, ബന്ധുക്കള്‍, പൊലീസുദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, ആരോഗ്യ മേഖലയിലെ ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ബോധവത്കരണം നല്‍കാനാണ് ഉദ്ദേശിക്കുന്നത്.
മാര്‍ച്ച് 31 വരെ നീളുന്ന തരത്തിലാണ് വിവിധ തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. അതത് ജില്ലകളിലെ പൊലീസ് മേധാവിമാര്‍ക്കാണ് പരിപാടികളുടെ മേല്‍നോട്ട ചുമതല. കുട്ടികള്‍ക്കുനേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ സന്ദേശങ്ങള്‍ പതിപ്പിച്ച ‘വാവ എക്‌സ്പ്രസ്’ എന്ന പേരിലുളള പ്രചാരണ വാഹനം സംസ്ഥാനമൊട്ടാകെ യാത്ര ചെയ്ത് ബോധവത്കരണം നടത്തും.
ഇതിനുപുറമെ സംസ്ഥാനത്തൊട്ടാകെ ഒപ്പുശേഖരണ പരിപാടി, ഘോഷയാത്രകള്‍, സാംസ്‌കാരിക പരിപാടികള്‍, നാടകങ്ങള്‍, തെരുവു നാടകങ്ങള്‍, മണല്‍ ചിത്രരചന, ചലച്ചിത്ര ടെലിവിഷന്‍ താരങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന പൊതുപരിപാടികള്‍, പൊലീസ് ബാന്റ്/കുതിര പൊലീസ് എന്നീ വിഭാഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുളള പൊതുപരിപാടികള്‍, പൊലീസിലെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന പൊതുജന അവബോധ പരിപാടികള്‍, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ ഉള്‍പ്പെടുത്തിക്കൊണ്ടുളള ഘോഷയാത്രകള്‍, അംഗന്‍വാടി ടീച്ചര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ, ജനശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ടുളള പൊതുപരിപാടികള്‍ എന്നിവ നടക്കും.
പ്രതിജ്ഞ, കൂട്ടയോട്ടം, മെഴുകുതിരി ജാഥ എന്നിവയിലൂടെ പരമാവധി ജനങ്ങളിലേക്ക് കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ആവശ്യമായ അവബോധം നല്‍കും. പൊലീസിന്റെ ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ വഴി വീടുവീടാന്തരം ഇത്തരം അവബോധ സന്ദേശങ്ങള്‍ എത്തിക്കും. ബീറ്റ് ഓഫീസര്‍മാര്‍ വഴി പൊതുജനങ്ങളില്‍ നിന്നുള്ള പ്രതികരണം ലഭ്യമാക്കാനും ശ്രമിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here