ആയുധങ്ങളുമായി സ്വകാര്യ റിസോര്‍ട്ടില്‍ സംഘടിച്ച ക്വട്ടേഷന്‍ സംഘം പിടിയില്‍

ആയുധങ്ങളുമായി സ്വകാര്യ റിസോര്‍ട്ടില്‍ സംഘടിച്ച ക്വട്ടേഷന്‍ സംഘത്തെ ബത്തേരി പൊലീസ് സാഹസികമായി പിടികൂടി. സംഘത്തില്‍ നിന്നും വടിവാള്‍ ഉള്‍പ്പെടെയുളള ആയുധങ്ങള്‍ കണ്ടെടുത്തു. കൊലപാതക കേസിലടക്കം ഉള്‍പ്പെട്ട എറണാകുളം, വയനാട് സ്വദേശികളാണ് പിടിയിലായത്.
എറണാകുളം അടൂര്‍ കോട്ടയ്ക്കകത്ത് ഔറംഗസീബ്, കമ്പളക്കാട് കണിയാമ്പറ്റ സ്വദേശി കുഴിഞ്ഞങ്ങാട് ഫഹദ്, ബത്തേരി പുത്തന്‍കുന്ന് പാലപ്പെട്ടി സംജാദ്, ബത്തേരി കുപ്പാടി തണ്ടാശേരി അക്ഷയ് എന്ന എന്നിവരാണ് പിടിയിലായത്.
ഇവരില്‍ നിന്നും ഇരുതല മൂര്‍ച്ചയുള്ള വടിവാള്‍ ഉള്‍പ്പെടെയുളള ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. സംഘത്തിലെ ഒരാള്‍ ഓടിരക്ഷപ്പെട്ടു. ബത്തേരി എസ്‌ഐ ഇ. അബ്ദുള്ളയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ക്വട്ടേഷന്‍ സംഘം പിടിയിലായത്.
ഇവര്‍ തമ്പടിച്ചിരുന്ന റിസോര്‍ട്ടിന് സമീപത്തെത്തിയ പൊലീസിന് നേരെ വാള്‍ വീശുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. അതിസാഹസികമായാണ് പൊലീസ് ക്വട്ടേഷന്‍ സംഘത്തെ കീഴ്പ്പെടുത്തിയത്. ഓടി രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here