ഐപിഎല്ലിനു തയ്യാറെടുപ്പ്; ധോണി രഞ്ജി കളിക്കുമെന്ന് റിപ്പോർട്ട്

2019-2020 സീസണിലേക്കുള്ള വാർഷിക കരാറിൽ നിന്നു പുറത്തായതിനു പിന്നാലെ ധോണി ജാർഖണ്ഡ് രഞ്ജി ടീമിനൊപ്പം പരിശീലനം തുടങ്ങി. വരാനിരിക്കുന്ന ഐപിഎൽ സീസണിലേക്കുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ധോണി രഞ്ജി കളിക്കുമെന്നാണ് റിപ്പോർട്ട്.
സ്വന്തം ബൗളിംഗ് മെഷീനുമായാണ് ധോണി പരിശീലനത്തിനെത്തിയത്. ജാർഖണ്ഡ് ടീം അംഗങ്ങൾ റെഡ് ബോളിൽ പരിശീലനം നടത്തിയപ്പോൾ ധോണി വൈറ്റ് ബോളിലാണ് ശ്രദ്ധ ചെലുത്തിയത്. ഐപിഎൽ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ ധോണിയെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കും എന്ന ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കാനാവും ധോണിയുടെ ശ്രമം.
ഉത്തരാഖണ്ഡിനെതിരെ റാഞ്ചിയിലാണ് ജാർഖണ്ഡിൻ്റെ അടുത്ത മത്സരം. ഞായറാഴ്ച ആരംഭിക്കുന്ന കളിയിൽ ധോണി കളിച്ചേക്കുമെന്ന് സ്ഥിരീകരിക്കാനാവാത്ത റിപ്പോർട്ടുകളുണ്ട്. മഹാരാഷ്ട്രയുമായി നടന്ന കഴിഞ്ഞ മത്സരം ജാർഖണ്ഡ് എട്ടു വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ഇതുവരെ രണ്ട് വീതം ജയവും തോൽവിയും ഒരു സമനിലയുമാണ് ജാർഖണ്ഡിൻ്റെ സമ്പാദ്യം.
കഴിഞ്ഞ വർഷം നടന്ന ലോകകപ്പ് സെമിഫൈനലിനു ശേഷം ഇതുവരെ ധോണി കളിച്ചിട്ടില്ല. കളത്തിലിറങ്ങാതെ നീണ്ട ഇടവേളയെടുക്കുന്ന ധോണിയെ ഈയിടെ മുൻ താരം സുനിൽ ഗവാസ്കർ വിമർശിച്ചിരുന്നു. ട്രോഫിക്ക് മുകളിൽ ഐപിഎല്ലിനെ കണക്കാക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രഞ്ജി ഒരു സീസൺ മുഴുവൻ കളിച്ചാലും ലഭിക്കാത്ത തുക ഐപിഎല്ലിലൂടെ കളിക്കാരനു ലഭിക്കുന്നു. രഞ്ജി താരങ്ങളുടെ പ്രതിഫലത്തിൽ ഉയർച്ച നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ എംഎസ് ധോണി ഏകദിനങ്ങളിൽ നിന്ന് ഉടൻ വിരമിക്കുമെന്ന് പരിശീലകൻ രവി ശാസ്ത്രി വെളിപ്പെടുത്തിയിരുന്നു.
Story Highlights: MS Dhoni
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here