കോഴിക്കോട് കണ്ടെത്തിയ ശരീരഭാഗങ്ങൾ വണ്ടൂർ സ്വദേശി ഇസ്മയിലിന്റേത്; കൊലയാളി പിടിയിൽ

കോഴിക്കോട് വിവിധ ഭാഗങ്ങളിൽ നിന്നായി ശരീരഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. കൊല്ലപ്പെട്ടത് വണ്ടൂർ സ്വദേശി ഇസ്മയിലാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾ നാല് കേസുകളിൽ പ്രതിയാണ്. ഡിഎൻഎ പരിശോധനയിലൂടെയാണ് മരിച്ചത് ഇസ്മയിലാണെന്ന് വ്യക്തമായതെന്നും പൊലീസ് വ്യക്തമാക്കി.
2017 ജൂൺ, ജൂലൈ മാസങ്ങളിലാണ് ചാലിയം കടപ്പുറത്ത് നിന്ന് കൈകളും തലയോട്ടിയും പൊലീസിന് ലഭിക്കുന്നത്. മുക്കത്ത് നിന്ന് ചാക്കിൽ കെട്ടിയ നിലയിൽ ശരീരഭാഗങ്ങളും ലഭിച്ചു. പൊലീസ് അന്വേഷണം വിഫലമായതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് അന്വേഷണം വണ്ടൂർ സ്വദേശി ഇസ്മയിലിലേക്കെത്തി. ഇസ്മയിലിന്റെ അമ്മയുടെ രക്തസാംപിളെടുത്ത് ഡിഎൻഎ പരിശോധന നടത്തിയപ്പോൾ മരിച്ചത് ഇസ്മയിൽ തന്നെയാണെന്ന് വ്യക്തമായി. ശരീര ഭാഗത്ത് നിന്ന് ലഭിച്ച വിരലടയാളവും നിർണായകമായി.
അതേസമയം, സംഭവത്തിൽ ഇസ്മയിലിന്റെ സുഹൃത്ത് ബിർജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഇസ്മയിലിനെ കൂടാതെ സ്വന്തം അമ്മയേയും ഇയാൾ കൊലപ്പെടുത്തി. ഇസ്മയിലുമായി ചേർന്ന് സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് ബിർജു അമ്മയെ കൊന്നത്. ഇസ്മയിലിനെ കൊന്നത് ക്വട്ടേഷൻ തുക ചോദിച്ചതിനാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
അമ്മയുടെ മരണം തൂങ്ങിമരണമെന്നാണ് ബിർജു നാട്ടുകാരോട് പറഞ്ഞത്. കൊല നടത്തിയ ശേഷം അമ്മയെ ഇസ്മയിലും ബിർജുവും ചേർന്ന് കെട്ടിത്തൂക്കുകയായിരുന്നു. ഇസ്മയിലിന് മദ്യം വാങ്ങി നൽകി മയക്കി കഴുത്തിൽ ചരട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. കൊല നടത്തിയ ശേഷം ഇസ്മയിലിന്റെ ശരീരം കഷണങ്ങളാക്കി പലയിടങ്ങളിൽ തള്ളിയെന്നും ബിർജു പൊലീസിന് മൊഴി നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here