മുസ്ലിം പെൺകുട്ടികളോട് പാകിസ്താനിലേക്ക് പോകാൻ ഭീഷണി; കൊടുങ്ങല്ലൂരിൽ അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തു

മുസ്ലിം പെൺകുട്ടികളോട് പാകിസ്താനിലേക്ക് പോകാൻ ഭീഷണി മുഴക്കിയ അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തു. ക്ലാസ്സ് മുറിയിൽ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിക്കുകയും കുട്ടികളോട് പാക്കിസ്താനിലേക്ക് പോകാനൊരുങ്ങിക്കൊള്ളാൻ ഭീഷണി മുഴക്കുകയും ചെയ്ത കൊടുങ്ങല്ലൂർ ഗവ ഗേൾസ് ഹൈസ്കൂളിലെ ഹിന്ദി അദ്ധ്യാപകൻ കെകെ കലേശനെയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഗീത വിദ്യാലയത്തിലെത്തി ആരോപണ വിധേയനായ അദ്ധ്യാപകനിൽ നിന്ന് വിശദീകരണം തേടിയിരുന്നു. പരാതിക്കിടയാക്കിയ സംഭവം നടന്ന എട്ട് ബി ക്ലാസ്സിലെ കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഡെപ്യൂട്ടി ഡയറക്ടർ മൊഴിയെടുത്തു. പരാതി സത്യമാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടിയുണ്ടായത്. മത സ്പർദ്ധ വളർത്തുന്ന പരാമർശങ്ങൾക്കൊപ്പം ഇയാൾ പെൺകുട്ടികളോട് അശ്ലീലച്ഛുവയോടെ സംസാരിച്ചുവെന്നും കണ്ടെത്തി. ആരോപണ വിധേയനായ അദ്ധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്ന് നഗരസഭാ ചെയർമാൻ കെ ആർ ജൈത്രനും, വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു.
അതേ സമയം, സംസ്ഥാനത്ത് പൗരത്വപട്ടിക പുതുക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൗരത്വപട്ടികാ നടപടികൾ സർക്കാർ നിർത്തി വെച്ചിരിക്കുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥർ അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്നും സർക്കാർ നിർദേശിച്ചു. പൊതുഭരണവകുപ്പ് സെക്രട്ടറി ജില്ലാ കലക്ടർമാർക്ക് അയച്ച ഉത്തരവിലാണ് മുന്നറിയിപ്പ് നിർദേശം.
Story Highlights: CAA, NRC, Teacher Suspended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here