ജിദ്ദയിലെ പുതിയ വിമാനത്താവളത്തിൽ പാർക്കിങ് ഫീസ് വർധന; വിശദീകരണവുമായി സിവിൽ ഏവിയേഷൻ

ജിദ്ദയിലെ പുതിയ വിമാനത്താവളത്തിൽ പാർക്കിങ് ഫീസ് വർദ്ധിപ്പിച്ച നടപടിക്ക് സിവിൽ ഏവിയേഷന്റെ വിശദീകരണം. നടത്തിപ്പ് ചെലവ് വർധിച്ചതാണ് ഫീസ് വർദ്ധിപ്പിക്കാൻ ഒരു കാരണം. ക്യാഷ് പെയ്‌മെന്റ് ആണെങ്കിൽ മണിക്കൂറിന് 10 റിയാലും സെൽഫ് സർവീസ് മെഷീൻ വഴിയാണെങ്കിൽ മണിക്കൂറിന് 5 റിയാലുമാണ് ഈടാക്കുന്നത്.
വരാനിരിക്കുന്ന റമദാൻ മാസത്തോടെ ജിദ്ദയിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും പുതിയ വിമാനത്താവളത്തിൽ നിന്നാകുമെന്ന് സിവിൽ ഏവിയേഷൻ അറിയിച്ചിരുന്നു. 27 അന്താരാഷ്ട്ര സർവീസുകൾ നിലവിൽ പുതിയ വിമാനത്താവളത്തിൽ നിന്നും നടത്തുന്നുണ്ട്.
അതേസമയം പുതിയ വിമാനത്താവളത്തിലെ പാർക്കിങ് ഫീസ് വലിയ തോതിൽ വർദ്ധിപ്പിച്ച നടപടിക്കെതിരെ പരാതി ഉയർന്നിട്ടുണ്ട്. മണിക്കൂറിന് 10 റിയാലാണ് ഇവിടെ ഈടാക്കുന്ന പാർക്കിങ് ഫീസ്. സെൽഫ് സർവീസ് മെഷീൻ വഴി പണമടയ്ക്കുമ്പോൾ മണിക്കൂറിന് 5 റിയാൽ നല്കിയാൽ മതി.
എന്നാൽ പഴയ വിമാനത്താവളത്തിൽ ഈടാക്കുന്നത് മണിക്കൂറിന് മൂന്നു റിയാലാണ്. സേവന നിലവാരം ഉയർന്നതും നടത്തിപ്പിനുള്ള ചിലവ് വർധിച്ചതുമാണ് പാർക്കിങ് ഫീസ് വർദ്ധിപ്പിക്കാൻ കാരണമെന്ന് സിവിൽ ഏവിയേഷൻ അറിയിച്ചു. നൂതനമായ സാങ്കേതിക സംവിധാനങ്ങളാണ് പാർക്കിങ്ങിനായി ഉപയോഗിക്കുന്നത്. എണ്ണായിരം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ ഇവിടെ സൗകര്യമുണ്ട്.
ദീർഘനേരം പാർക്ക് ചെയ്യുന്നതിന് ഫീസ് കുറവാണെന്നും സിവിൽ ഏവിയേഷൻ വിശദീകരിച്ചു. ദീർഘനേരം പാർക്ക് ചെയ്യുമ്പോൾ മണിക്കൂറിന് ഒരു റിയാൽ മാത്രമേ ഈടാക്കൂ. ഒരു ദിവസം മുഴുവനും പാർക്ക് ചെയ്യാന് 15 റിയാലാണ് നിരക്ക്. പാർക്കിങ്ങിനായി പ്രത്യേക പാക്കേജ് കാർഡ് പുറത്തിറക്കും. പാർക്കിങ് ഏരിയയിൽ നിന്നും അറൈവൽ ഡിപ്പാർച്ചർ ഭാഗങ്ങളിലേക്ക് സൗജന്യ ഷട്ടിൽ സർവീസും ഒരുക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
Story Highlights- Jeddah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here