വീട്ടമ്മയെ കാറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി അടിമാലിയിൽ വീട്ടമ്മയെ കാറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. രണ്ട് ദിവസമാണ് 55 വയസുള്ള ലൈലാമണി എന്ന വീട്ടമ്മ കാറിൽ കഴിഞ്ഞത്. ഇവർ ശാരീരികമായി തളർന്ന അവസ്ഥയിലാണ്. ഓട്ടോ ഡ്രൈവർമാരാണ് വിവരം പൊലീസിന് നൽകിയത്.
വണ്ടി വഴിയരികിൽ നിർത്തിയിട്ട് മൂത്രമൊഴിച്ചിട്ട് വരാം എന്ന് പറഞ്ഞ് പോയ ഭർത്താവിനെ പിന്നീട് കണ്ടില്ലെന്നാണ് വീട്ടമ്മ നൽകിയ മൊഴി. ഭർത്താവിന് എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ യാതൊരു അറിവുമില്ല. കാറിൽ എഴുതി വച്ചിരിക്കുന്ന, ഭർത്താവിന്റേതെന്ന് കരുതുന്ന നമ്പറിൽ പൊലീസ് ബന്ധപ്പെട്ടപ്പോൾ ഒരു തവണ കോൾ എടുത്ത് കട്ട് ചെയ്യുകയുണ്ടായി. പിന്നീട് വിളിച്ചെപ്പോഴെല്ലാം ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. കൊല്ലം ജില്ലയിൽ നിന്നാണ് ഫോൺ എടുത്തിരിക്കുന്നതെന്നാണ് വിവരം. മകനെ കാണാനാണ് ഇടുക്കിയിലെത്തിയതെന്നും കണ്ട ശേഷം തിരിച്ചു വരുന്ന വഴിയാണ് അടിമാലിയിലെത്തിയതെന്നും വീട്ടമ്മ പൊലീസിനോട് പറഞ്ഞു.
മാനന്തവാടിക്കടുത്ത് വാളാട് വെൺമണിയിലാണ് ഇവർ താമസിച്ചിരുന്നത്. കടബാധ്യതയുളളതിനാൽ വീട് വിറ്റതിന് ശേഷം കുറച്ച് ദിവസം മുൻപ് വരെ ഭർത്താവ് മാത്യുവിനൊപ്പം വാടകവീട്ടിലായിരുന്നു താമസം.
കഴിഞ്ഞ ദിവസം വരെ രണ്ട് പേരേയും അയൽവാസികൾ ഉൾപ്പെടെ കണ്ടിരുന്നു. മാത്യുവിന്റെ യഥാർത്ഥ പേര് വിഎം ജോസഫ് എന്നാണ്. ചായപ്പൊടി കച്ചവടം നടത്തി വരികയായിരുന്നു ഇരുവരും. തലപ്പുഴ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
adimali