മുത്തൂറ്റ് ഫിനാൻസ് ബ്രാഞ്ചുകളിൽ ജോലിക്കെത്തിയ ജീവനക്കാർക്കെതിരെ സിഐടിയു ആക്രമണം

കോട്ടയത്ത് മുത്തൂറ്റ് ഫിനാൻസ് ബ്രാഞ്ചുകളിൽ ജോലിക്കെത്തിയ ജീവനക്കാർക്കെതിരെ സിഐടിയു ആക്രമണം. വനിത ജീവനക്കാർക്കെതിരെ ചീമുട്ടയെറിഞ്ഞ സമരാനുകൂലികൾ ഷട്ടറിനുള്ളിൽ മദ്യക്കുപ്പികൾ തിരുകിവച്ചു. പൊലീസ് സംരക്ഷണത്തിലാണ് ജീവനക്കാർ ബ്രാഞ്ചുകൾ തുറന്നത്.
മുത്തൂറ്റ് ഫിനാൻസ് കോട്ടയം ബേക്കർ ജംഗ്ഷൻ, ക്രൗൺ പ്ലാസ, ഇല്ലിക്കൽ ബ്രാഞ്ചുകളിലാണ് സംഭവം ഉണ്ടായത്. രാവിലെ ജോലിക്കെത്തിയ വനിതാ ജീവനക്കാർക്കെതിരെ സമരാനുകൂലികൾ ചീമുട്ടയെറിയുകയായിരുന്നു. പിരിച്ചുവിട്ട ജീവനക്കാരന്റെ നേതൃത്വത്തിൽ സിഐടിയു തൊഴിലാളികൾ ആണ് ആക്രമണം നടത്തിയതെന്ന് ജീവനക്കാർ പരാതി നൽകി. ശേഷം പോലീസ് സംരക്ഷണത്തിലാണ് ബ്രാഞ്ചുകൾ തുറന്നത്. ഷട്ടറിനുള്ളിൽ തിരുകി വച്ചിരുന്ന മദ്യക്കുപ്പികൾ പോലീസ് നീക്കം ചെയ്തു. ദിവസവും രാവിലെ അതിക്രമം പതിവാണെന്നും താഴുകൾ പശയൊഴിച്ച് നശിപ്പിക്കാറുണ്ടെന്നും ജീവനക്കാർ പറഞ്ഞു.
ഒരു തരത്തിലുള്ള ആക്രമണത്തെയും പ്രോത്സാഹിപ്പിക്കുന്ന സംഘടനയല്ല സി.ഐ.ടിയു എന്ന് ജില്ലാ സെക്രട്ടറി ടിആർ രഘുനാഥൻ പ്രതികരിച്ചു.
ജീവനക്കാരുടെ പരാതിയിൽ കോട്ടയം വെസ്റ്റ് പോലീസ് സംഭവത്തിൽ കേസെടുത്തു.
നേരത്തെ തൊടുപുഴയിലും സമാനസംഭവം നടന്നിരുന്നു. തൊടുപുഴയിൽ ബ്രാഞ്ച് തുറക്കാനെത്തിയ മുത്തൂറ്റ് ജീവനക്കാരെയാണ് കഴിഞ്ഞ ദിവസം സിഐടിയു ആക്രമിച്ചു എന്ന് പരാതി ഉയർന്നത്. ബ്രാഞ്ച് മാനേജർ ജോയിക്കും ജീവനക്കാരൻ നവീൻ ചന്ദ്രനുമാണ് പരുക്കേറ്റത്. സംഭവത്തെ തുടർന്ന് തൊടുപുഴ ബ്രാഞ്ചിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ എല്ലാ മുത്തൂറ്റ് ശാഖകളും തുറന്ന് പ്രവര്‍ത്തിക്കാൻ പൊലീസ് സംരക്ഷണം നൽകണമെന്ന ഹൈക്കോടതി ഉത്തരവിനു പിന്നാലെയായിരുന്നു തൊടുപുഴയിലെ ബ്രാഞ്ച് തുറന്ന് പ്രവര്‍ത്തിച്ചത്.
Story Highlights: CITU, Muthoot Finance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here